ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അക്രമം അവസാനിപ്പിക്കണം: പാപ്പാ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് വീണ്ടും പൊട്ടിപ്പുറപ്പെട്ട പോരാട്ടത്തില്‍ പരിശുദ്ധ പിതാവ് തന്റെ 'അഗാധമായ ആശങ്ക' പ്രകടിപ്പിച്ചു.
ഞായറാഴ്ച മധ്യാഹ്നപ്രാര്‍ത്ഥനയുടെ സമാപനത്തില്‍ സംസാരിച്ച പാപ്പാ, ജനങ്ങളോടുള്ള തന്റെ അടുപ്പം പ്രകടിപ്പിക്കുകയും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കക്ഷികളോട് 'എല്ലാത്തരം അക്രമങ്ങളും നിര്‍ത്തിവയ്ക്കാനും നടന്നുകൊണ്ടിരിക്കുന്ന സമാധാന പ്രക്രിയയെ മാനിച്ചുകൊണ്ട് ക്രിയാത്മകമായ സംഭാഷണം തേടാനും ആഹ്വാനം ചെയ്തു.
കിഴക്കന്‍ കോംഗോയിലെ തന്ത്രപ്രധാന നഗരമായ ഉവിറയില്‍ നടന്ന ആക്രമണത്തില്‍ 400-ലധികം പേര്‍ കൊല്ലപ്പെടുകയും ഏകദേശം 200,000 ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തു. നഗരം റുവാണ്ടയുടെ പിന്തുണയുള്ള എം23 ഗ്രൂപ്പിന്റ നിയന്ത്രണത്തിലാണ്.
അമേരിക്കയുടെ മധ്യസ്ഥതയില്‍ അടുത്തിടെയുണ്ടായ സമാധാന കരാര്‍ നിലവിലിരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്.