സൃഷ്ടിയെ പരിപാലിക്കുന്നതിനും, എല്ലാ ജീവിതങ്ങളെയും ബഹുമാനിക്കുന്നതിനും സാധിക്കണം: പാപ്പാ

 
LEO PAPA 123



മാര്‍ച്ചു മാസം പതിനാറു മുതല്‍ ഇരുപതു വരെ കൊളംബിയയിലെ ബൊഗോട്ടയില്‍ വച്ച് നടക്കുന്ന ആമസോണിയന്‍ മെത്രാന്‍ സമിതിയുടെ ആറാമത് പൊതു സമ്മേളനത്തില്‍ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട്, ലിയോ പതിനാലാമന്‍ പാപ്പാ വീഡിയോ സന്ദേശം നല്‍കി.

 പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുവാനുള്ള ഒരു സമയമാണ്, ഈ പൊതു സമ്മേളനം എന്ന് പറഞ്ഞ പാപ്പാ, ആമസോണിയന്‍ ജനതയോടുള്ള തന്റെ അടുപ്പവും അറിയിച്ചു.

'ആമസോണിയന്‍ പ്രദേശത്ത്, സഭ ദൗത്യത്തിന്റെ പുതിയ പാതകള്‍ തുറക്കുക' എന്ന ഉദ്ദേശ്യത്തോടെ, സമ്മേളന അവസരത്തിലെ  ചിന്തകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്ന, 'ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ?' (ഏശ 43:19) എന്ന  ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ വചനവും പാപ്പാ ഉദ്ധരിച്ചു. ദുര്‍ബലമാണെങ്കിലും, അദൃശ്യമാണെങ്കിലും നവമായ  എന്തോ ഒന്ന്, 'കാട്ടിലെ ഭീമന്‍' എന്ന് വിളിക്കപ്പെടുന്ന ഷിഹുവാക്കോ മരത്തിന്റെ ചിത്രം എടുത്തു കാണിച്ചുകൊണ്ട് പാപ്പാ വിശദീകരിച്ചു. അത് നിരവധി ജീവികള്‍ക്ക്  സുരക്ഷിതമായ അഭയസ്ഥാനം ഒരുക്കുന്നതുപോലെ, നാനാത്വത്തില്‍ ഏകത്വത്തിന്റെ അടയാളവും ജീവന്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സുരക്ഷിതമായ അഭയസ്ഥാനമായും സഭ ആയിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

ഏശയ്യാ പ്രവാചകന്‍ പ്രഖ്യാപിച്ച വാഗ്ദാനപൂര്‍വ്വകവും,  പ്രത്യാശാജനകവുമായ ഭാവി,  ഒരു പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ച് നമ്മോട് സംസാരിക്കുന്ന വെളിപാട് പുസ്തകത്തില്‍ അതിന്റെ പൂര്‍ണ്ണതയിലെത്തുന്നുവെന്നു പറഞ്ഞ പാപ്പാ, 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു' എന്ന് നമ്മോട് ആവര്‍ത്തിക്കുന്ന ക്രിസ്തുവില്‍ വേരൂന്നിയ  ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ ഏവരെയും ക്ഷണിച്ചു.

ഈ അര്‍ത്ഥത്തില്‍, നാം ക്രിസ്തുവിന്റെ സ്വന്തമാകുവാന്‍  ആഗ്രഹിക്കുന്നുവെങ്കില്‍, ചെറിയവര്‍ക്ക് ഇടം നല്‍കുകയും,  ദരിദ്രരോടൊപ്പം നടക്കുകയും ചെയ്യുന്ന ഒരു സഭ  ആകുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.

 ദുരുപയോഗത്തിന്റെയും ചൂഷണത്തിന്റെയും സാഹചര്യങ്ങളാല്‍ ഭീഷണി നേരിടുന്ന ആമസോണില്‍,  നിലനില്‍ക്കുന്ന നിരവധി സാമൂഹിക, പാരിസ്ഥിതിക, സാംസ്‌കാരിക, സഭാ വെല്ലുവിളികള്‍ക്ക് മതിയായ പ്രതികരണം നല്‍കേണ്ടത് ഏറെ ആവശ്യമാണെന്നും പാപ്പാ വീഡിയോ സന്ദേശത്തില്‍ അടിവരയിട്ടു പറഞ്ഞു.

'ആമസോണിയന്‍ മുഖം' ഉള്ള ഒരു സഭയുടെ രൂപരേഖ തയ്യാറാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും, വിശ്വാസത്തിന്റെ വളര്‍ച്ചയിലൂടെ, സഭ പുതിയ ആവിഷ്‌കാരങ്ങളും മൂല്യങ്ങളും കൊണ്ട് സമ്പന്നമാക്കപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു. 


കര്‍ത്താവിന്റെ പീഡകളോട് ചേര്‍ന്ന് , രക്തം ചിന്തിയ അനേകം സഹോദരങ്ങളാണ്, ആമസോണില്‍ വളരുന്ന ഒരു 'ഭീമന്‍ വൃക്ഷത്തിന്റെ' വേരായി മാറിയതെന്നും, അതിനാല്‍ വിതയ്ക്കുന്നത് ഇന്നും തുടരുവാനും ഏവരെയും ആഹ്വാനം ചെയ്തു. 

Tags

Share this story

From Around the Web