16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളുള്ള വത്തിക്കാന്‍ ലൈബ്രറി വിപുലീകരിക്കുവാന്‍ പാപ്പയുടെ അനുമതി

 
VATICAN LIBRARY



വത്തിക്കാന്‍ സിറ്റി: ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാന്‍ അപ്പസ്‌തോലിക ലൈബ്രറിയ്ക്കും അപ്പസ്‌തോലിക പുരാശേഖരത്തിനും, കൂടുതല്‍ സ്ഥലവും പുതിയ കെട്ടിടവും അനുവദിച്ചുകൊണ്ട് ലെയോ പതിനാലാമന്‍ പാപ്പ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഏതാനും വര്‍ഷങ്ങളായി പരിശുദ്ധ സിംഹാസനത്തിന്റെ പുസ്തക ശേഖരത്തിലും അനുബന്ധ സ്ഥാപനങ്ങളുടെ രേഖകളുടെ പ്രസിദ്ധീകരണത്തിലും ഉണ്ടായ ഗണ്യമായ വര്‍ദ്ധനവും നിലവിലെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

തന്റെ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് അപ്പസ്‌തോലിക സിംഹാസനത്തിന്റെ സാംസ്‌കാരികവും ഭരണപരവുമായ ചരിത്രം സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ലെയോ പാപ്പ തീരുമാനിച്ചതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി വത്തിക്കാന്‍ സിറ്റിയിലെ 'ഫൊന്താന ദെല്‍ ഔട്ടോപാര്‍ക്ക്' പ്രദേശവും അതിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളും നിര്‍ദ്ദിഷ്ട പ്ലാന്‍ പ്രകാരം ആര്‍ക്കൈവിനും ലൈബ്രറിക്കുമായി നീക്കിവെച്ചു. നിലവിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഏറ്റവും ആധുനിക വാസ്തുവിദ്യാ-സാങ്കേതിക തത്വങ്ങള്‍ അനുസരിച്ച് ആര്‍ക്കൈവിന്റെയും ലൈബ്രറിയുടെയും ആവശ്യങ്ങള്‍ക്കായി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഉത്തരവില്‍ അനുശാസിക്കുന്നുണ്ട്.

1475-ല്‍ സ്ഥാപിതമായ വത്തിക്കാന്‍ അപ്പസ്‌തോലിക ലൈബ്രറി ചരിത്രഗ്രന്ഥങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരങ്ങളിലൊന്നാണ്. 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും ഗുട്ടന്‍ബര്‍ഗ് അച്ചടികണ്ടുപിടിക്കും മുന്‍പ്, അതായത് 15-ാം നൂറ്റാണ്ടിനും മുന്‍പുള്ള കല്ലച്ചില്‍ പകര്‍ത്തിയെടുക്കപ്പെട്ട 'ഇന്‍കുനാബുല' എന്നറിയപ്പെടുന്ന പ്രാചീന ഗ്രന്ഥങ്ങളുടെ (ശിരൗിമയൗഹമ) 9000 പ്രതികളും വത്തിക്കാന്‍ ഗ്രന്ഥശാലയിലുണ്ട്. 300,000-ത്തിലധികം നാണയങ്ങളും മെഡലുകളും, 150,000-ത്തിലധികം പ്രിന്റുകളും, ആയിരക്കണക്കിന് ഡ്രോയിംഗുകളും കൊത്തുപണികളും, 200,000-ലധികം ഫോട്ടോഗ്രാഫുകളും വത്തിക്കാന്‍ അപ്പസ്‌തോലിക ലൈബ്രറിയുടെ മാത്രം പ്രത്യേകതയാണ്.

Tags

Share this story

From Around the Web