ഇറ്റാലിയൻ മെത്രാൻ സമിതിയുടെ ജീവനക്കാർക്കും, കുടുംബാംഗങ്ങൾക്കും പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു
ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രവർത്തനങ്ങൾക്കു ജീവനക്കാർ നൽകുന്ന വിലയേറിയ സംഭാവനകളെ എടുത്തുപറഞ്ഞുകൊണ്ടാണ്, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ വിവിധ കാര്യാലയങ്ങളിലും, ബന്ധപ്പെട്ട സംഘടനകളിലും പ്രവർത്തിക്കുന്ന ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, മെയ് മാസം രണ്ടാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തത്.
ഇറ്റലിയിലെ രൂപതകളുടെ കൂട്ടായ്മയുടെ ആധികാരികമായ അടയാളമാണ് മെത്രാൻ സമിതിയെന്നും,അതിനാൽ ഏവരുടെയും പ്രവർത്തനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ എടുത്തു പറഞ്ഞു. പ്രത്യക്ഷവും , പരോക്ഷവുമായ വിവിധങ്ങളായ സേവനങ്ങളിൽ, വിശ്വസ്തതയുടെ പ്രാധാന്യവും പാപ്പാ അനുസ്മരിച്ചു. മറ്റുള്ളവരെ ശ്രവിക്കുന്നതും, ക്ഷമാപൂർവമായ പെരുമാറ്റവും, അർപ്പണബോധവും, ക്രമവും, പരിസ്ഥിതിയോടുള്ള സംരക്ഷണവുമെല്ലാം ലളിതമെന്നു തോന്നുമെങ്കിലും, എല്ലാവരുടെയും നന്മയ്ക്ക് ഉപയോഗപ്രദവും ദൈവത്തിന്റെ മുമ്പാകെ വിലപ്പെട്ടതുമാണെന്നും പാപ്പാ എടുത്തുപറഞ്ഞു.
ജോലി ചെയ്യുന്ന വിവിധ ഓഫീസുകൾ സ്വന്തം ആവശ്യത്തിനുവേണ്ടിയുള്ള ഘടനകളല്ല, മറിച്ച് ഇറ്റലിയിലെ മെത്രാന്മാരെയും സഭകളെയും സഹായിക്കുന്ന ഉപകരണങ്ങളാണെന്ന് അടിവരയിട്ടുകൊണ്ട്, സേവനത്തിന്റെ പ്രാധാന്യത്തെ പാപ്പാ ഓർമ്മിപ്പിച്ചു. സേവിക്കുക എന്നത് കേവലം ഒരു ധർമ്മം നിർവഹിക്കുക എന്നതല്ല, മറിച്ച് കർത്താവ് തലവനായ ഒരു ശരീരത്തിന്റെ ജീവനുള്ള അംഗങ്ങളെന്ന നിലയിൽ സജീവമായി പങ്കെടുക്കുക എന്നതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
തുടർന്ന് ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെ കേവലം കാഴ്ചക്കാരായി നിന്നുകൊണ്ട് സേവിക്കാൻ കഴിയില്ല എന്നും, സ്നേഹത്താൽ , വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ഒരു ബന്ധത്തിൽ, സഭയുടെ സ്വന്തമായി നിന്നുകൊണ്ട് മാത്രമേ സേവിക്കുക സാധ്യമാവുകയുള്ളൂവെന്നു പാപ്പാ പറഞ്ഞു. ദൈനംദിന ചുമതലകൾ നിർവഹിക്കുന്ന സ്ഥലങ്ങളാണ് സുവിശേഷത്തിന് രൂപം നൽകാൻ ഏവരും വിളിക്കപ്പെടുന്നതെന്നും, ഐക്യവും സമാധാനവും പുലർത്തിക്കൊണ്ടും, ക്ഷമയോടും വിനയത്തോടും കൂടി, പരസ്പരം സേവിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
സേവനവും, സ്വന്തമാകലും നമ്മെ നയിക്കുന്നത്, പ്രേഷിത ദൗത്യം എന്ന വലിയ സത്യത്തിലേക്കാണെന്നതും പാപ്പാ അടിവരയിട്ടു. . ക്രിസ്തുവിനെ പ്രഘോഷിക്കാനും പാലങ്ങൾ പണിയാനും ബന്ധങ്ങൾ സ്ഥാപിക്കാനും ആവശ്യമുള്ള ആർക്കും പിന്തുണ നല്കുവാനുമുള്ള സഭയുടെ ദൗത്യത്തിലാണ് ഏവരും പങ്കുചേരുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.
കുടുംബത്തിലും, വിദ്യാലയത്തിലും, ജോലിയിലും, ആശയവിനിമയത്തിലും, സാമൂഹിക പങ്കാളിത്തത്തിലും, വിശ്വാസത്തിന്റെ കൈമാറ്റത്തിലും മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നു എടുത്തുപറഞ്ഞ പാപ്പാ, എല്ലാവരും രക്ഷിക്കപ്പെടുകയും സത്യത്തിന്റെ അറിവിൽ എത്തുകയും ചെയ്യണമെന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി. നമ്മോടു തന്നെയും മറ്റുള്ളവരോടുമുള്ള നമ്മുടെ ഉത്തവാദിത്വവും പാപ്പാ ചൂണ്ടിക്കാണിച്ചു.