വീണ്ടും ഉയരുന്ന യുദ്ധഭീതിയില്‍ ആശങ്കകള്‍ അറിയിച്ച് പാപ്പാ
വത്തിക്കാന്‍സിറ്റി: വേനല്‍കാല വിശ്രമത്തിനുവേണ്ടി കാസല്‍ ഗന്ധോള്‍ഫോയിലെത്തിയ ലിയോ പാപ്പാ ആദ്യ ഞായറാഴ്ച്ച മധ്യാഹ്ന പ്രാര്‍ത്ഥന ലിബര്‍ട്ടി ചത്വരത്തില്‍ വച്ച് നടത്തി.
തദവസരത്തില്‍ മധ്യപൂര്‍വേഷ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുനരാരംഭിച്ച യുദ്ധത്തിന്റെ വാര്‍ത്തകളില്‍ പാപ്പാ ആശങ്കകള്‍ രേഖപ്പെടുത്തുകയും ഒരിക്കല്‍ കൂടി സമാധാനത്തിനുവേണ്ടി ചര്‍ച്ചകള്‍ നടത്തുവാന്‍ ബന്ധപ്പെട്ടവരെ ക്ഷണിക്കുകയും ചെയ്തു.
ഒരു കരാറിന്റെ അസ്തമിച്ച പ്രതീക്ഷകളെ തുടര്‍ന്ന് യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതും ലെബനനിലെ പ്രതിസന്ധിയും ഏറെ ദുരിതങ്ങള്‍ വിതയ്ക്കുന്ന മധ്യപൂര്‍വേഷ്യയിലെ സ്ഥിതികളെ കുറിച്ചും ഉക്രൈനിലെ ഖാര്‍കിവ് ഡിനിപ്രോ കീവ് ഒഡെസ എന്നിവിടങ്ങളില്‍ സമീപ ദിവസങ്ങളില്‍ നടന്ന തീവ്രമായ ആക്രമണങ്ങളെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട് പാപ്പാ തന്റെ ഉത്ക്കണ്ഠ പ്രത്യേകം രേഖപ്പെടുത്തി.
അക്രമം ഭീകരത മരണം ഒരിക്കല്‍ കൂടി അതിന്റെ ഭീകരമായ മുഖം വെളിപ്പെടുത്തുന്നുവെന്നും ധാരാളം നിരപരാധികള്‍ ഇരകളാക്കപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
ദുര്‍ബലമായ ഈ നിമിഷങ്ങളിലും എന്നാല്‍ പ്രത്യാശയുടെയും സമാധാനത്തിന്റെയും ജ്വാല കെടുത്താന്‍ യുദ്ധത്തിന്റെ കാറ്റിനെ അനുവദിക്കരുതെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
സംഭാഷണത്തിന്റെയും കണ്ടുമുട്ടലുകളുടെയും നയതന്ത്രത്തിന്റെയും പാതയില്‍ സ്ഥിരോത്സാഹത്തോടെ മുന്‍പോട്ടു പോകുമെന്ന പ്രത്യാശയും പാപ്പാ പങ്കുവച്ചു.
ജനങ്ങള്‍ക്ക് പരസ്പര സുരക്ഷയോടെയും ഓരോ വ്യക്തിയുടെയും അന്തസ്സിനോടുള്ള ബഹുമാനത്തോടെയും അനുരഞ്ജനത്തോടെ ജീവിക്കാന്‍ കഴിയുന്ന നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കാന്‍ ഈ ഒരു മാര്‍ഗം മാത്രമാണ് ഉളളതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.