ലിയോ പതിനാലാമൻ യൂണിവേഴ്സിറ്റി കാമ്പസ് ഉദ്‌ഘാടനം ചെയ്തും സാംസ്കാരികലോകത്തോട് സംവദിച്ചും പാപ്പാ
മലാബോയിലെ "ലിയോ പതിനാലാമൻ" യൂണിവേഴ്സിറ്റി കാമ്പസ് ഉദ്‌ഘാടനവും, രാജ്യത്തെ സാംസ്‌കാരികലോകവുമായുള്ള കണ്ടുമുട്ടലും ഒത്തുചേർന്ന സമ്മേളനത്തിൽ, തന്റെ പേര് യൂണിവേഴ്സിറ്റിയുടെ കാമ്പസിന് നൽകിയതിലുള്ള നന്ദി പ്രകാശിപ്പിച്ച പാപ്പാ, എന്നാൽ അതിന് പിന്നിൽ, തന്റെ വ്യക്തിത്വമെന്നതിനേക്കാൾ, പാപ്പായും ഇക്വറ്റോറിയൽ ഗിനിയും മുന്നോട്ടു വയ്ക്കാൻ ആഗ്രഹിക്കുന്ന മൂല്യങ്ങൾ തമ്മിലുള്ള സാമ്യമാണ് ഉള്ളതെന്നും പ്രസ്താവിച്ചു.
ഒരു യൂണിവേഴ്സിറ്റി ആസ്ഥാനം തുടങ്ങുക എന്നത്, മനുഷ്യരിലുള വിശ്വാസത്തിന്റെ പ്രകടനം കൂടിയാണെന്നും, പുതുതലമുറയുടെ പരിശീലനത്തിനു വേണ്ടി ചിലവഴിക്കുന്നത് അർത്ഥപൂർണ്ണമെന്ന സത്യമാണ് വിളിച്ചോതുന്നതെന്നും പാപ്പാ പറഞ്ഞു. പൊതുനന്മ ലക്ഷ്യമാക്കി അറിവുകൾ പകരുകയാണ് ഇതുവഴി ചെയ്യുന്നത്.
പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ കെട്ടിടങ്ങളും വസ്തുക്കളുമല്ല, ജീവിക്കുന്ന ഒരു സംഘടനയാണ് ഉണ്ടാകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രത്യാശയുടെയും കണ്ടുമുട്ടലുകളുടെയും പുരോഗതിയുടെയും ഇടമാണ് പുതിയ ഈ യൂണിവേഴ്സിറ്റി കാമ്പസ് തുറക്കുന്നതിലൂടെ ലഭിക്കുന്നത്.
യൂണിവേഴ്സിറ്റിയുടെ ലക്ഷ്യവും സ്വഭാവവും മനസിലാക്കാൻ വൃക്ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് പറഞ്ഞ പാപ്പാ, ഇക്വറ്റോറിയൽ ഗിനിയുടെ ദേശീയവൃക്ഷമായ "സെയ്ബ"യെക്കുറിച്ച് പരാമർശിച്ചു. ഏറെ ആഴത്തിൽ വേരൂന്നി, ഉയർന്നും വിസ്‌തൃതിയിലും വളരുന്ന ആ മരം പോലെ, ആഴത്തിൽ വേരൂന്നി, ആധികാരികവും ഉത്തരവാദിത്തപൂർണ്ണവുമായ വിദ്യാഭ്യാസം നൽകാനും സത്യത്തെ തേടാനുമുള്ള ഇടമായിരിക്കണം സർവ്വകലാശാലകൾ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഉത്പത്തിപുസ്തകത്തിലെ അറിവിന്റെ വൃക്ഷവും, ക്രിസ്തുവിടനെ കുരിശെന്ന വൃക്ഷവും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. തങ്ങളെത്തന്നെ അളവുകോലായി കാണാനും, മറ്റാരുടെയും ആവശ്യമില്ലാത്തവരായി ജീവിക്കാനുമുള്ള പ്രവണതയിലെ തിന്മയാണ് പഴയനിയമത്തിലെ വൃക്ഷം കാണിച്ചുതരുന്നതെങ്കിൽ, മാനവികമായ അറിവിനെ തള്ളിപ്പറയുക എന്നതിനെക്കാൾ രക്ഷയുടെ അടയാളമെന്ന രീതിയിൽ അതിനെ കാണാനാണ് വിശുദ്ധ കുരിശിലൂടെ ക്രൈസ്തവപരമ്പര്യം നമ്മെ പഠിപ്പിക്കുന്നത്.
യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ അവരിൽ വളർത്തിയെടുക്കാൻ കഴിയുന്ന മൂല്യങ്ങൾക്കായിരിക്കണം പ്രാധാന്യം നൽകേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സമഗ്രമാനവികവികസനത്തിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.
ജ്ഞാനത്തിന്റെ പീഢമായ പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിന് ഏവരെയും സമർപ്പിച്ചും, പുതിയ സർവ്വകലാശാലായിടം ഏറെ നല്ല ഫലങ്ങൾ നല്കട്ടെയെന്ന് ആശംസിച്ചുമാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.