കൂദാശകളില്‍ കര്‍ത്താവിന്റെ സാന്നിധ്യം കണ്ടെത്തണമെന്ന് പാപ്പാ

വത്തിക്കാന്‍ സിറ്റി:'അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയില്‍ നിന്നും കര്‍മ്മപഥത്തിലേക്ക്' എന്ന പ്രമേയത്തില്‍ ആഗസ്റ്റ് മാസം 25 മുതല്‍ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിള്‍സില്‍ നടക്കുന്ന എഴുപത്തിയഞ്ചാമത് ദേശീയ ആരാധനക്രമ വാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു.
പ്രത്യാശയുടെ ജൂബിലി വര്‍ഷമായതിനാലാണ്, ഈ പ്രത്യേകമായ പ്രമേയം പഠനത്തിനും, ചിന്തകള്‍ക്കുമായി എടുത്തിരിക്കുന്നത്. ആരാധനക്രമ ആഘോഷത്തില്‍ 'വിശ്വാസത്തിന്റെ ജീവനുള്ള ഹൃദയം വീണ്ടും കണ്ടെത്താന്‍' ഇറ്റലിയിലെ സഭയെ ക്ഷണിക്കുന്നതാണ് ഇത്തവണത്തെ പഠന വാരത്തിന്റെ ലക്ഷ്യം.
ആരാധനാക്രമത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, വിശ്വാസികളെ പ്രാര്‍ത്ഥനയുടെ തീക്ഷ്ണതയിലേക്ക് നയിക്കുന്ന എല്ലാവരോടുമുള്ള അഗാധമായ കൃതജ്ഞത പാപ്പാ സന്ദേശത്തില്‍ എടുത്തു പറഞ്ഞു.
പഠന വാരത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ച പാപ്പാ, അവരുടെ അവതരണങ്ങള്‍, സഭയില്‍ വിശ്വാസികള്‍ക്ക്, ആരാധനക്രമ ആഘോഷങ്ങള്‍ക്ക്, സുവിശേഷവത്ക്കരണത്തില്‍ പുതിയ ഉണര്‍വ് നല്കട്ടെയെന്നും പറഞ്ഞു.
ഈ പഠനവാരം, വിപുലമായ അജപാലനമാര്‍ഗനിര്‍ദേശങ്ങള്‍ക്കും, ചിന്തകള്‍ക്കും വഴിയൊരുക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. അപ്രകാരം, ദേവാലയങ്ങള്‍ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം ആഘോഷിക്കുവാനും, കൂദാശകളില്‍ കര്‍ത്താവിന്റെ സജീവമായ സാന്നിധ്യം അനുഭവിക്കുവാനും, സാഹോദര്യ കൂട്ടായ്മയില്‍ ജീവിക്കാനുമുള്ള ഇടങ്ങളായി മാറട്ടെയെന്നും പാപ്പാ പറഞ്ഞു. തന്റെ അപ്പസ്‌തോലിക ആശിര്‍വാദവും പാപ്പാ നല്‍കി.