സാങ്കേതിക പുരോഗതി മാനുഷിക-സാമൂഹ്യ മൂല്യങ്ങളുമായി കൈകോര്‍ക്കണമെന്ന് പാപ്പാ

നിര്‍മ്മിതബുദ്ധി, പൊതുനന്മയ്ക്കും സംഭാഷണത്തിന്റെയും സാഹോദര്യ പരിപോഷണത്തിന്റെയും പാലങ്ങള്‍ പണിയുന്നതിനും നരകുലത്തിന്റെ മുഴുവന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉപയോഗിക്കപ്പെടുകയും വികസിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതിന് ഉത്തരവാദിത്വവും വിവേചനബുദ്ധിയും ആവശ്യമാണെന്ന് പാപ്പാ.
''നിര്‍മ്മിത ബുദ്ധി നന്മയ്ക്ക് 2025 ഉച്ചകോടി'' എന്ന ശീര്‍ഷകത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവ പട്ടണത്തില്‍ ജൂലൈ 8-11 വരെ അന്താരാഷ്ട്ര സമ്പര്‍ക്കമാദ്ധ്യമ സമതി,ഐടിയു ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകളുടെയും സ്വിറ്റസര്‍ലണ്ടിന്റെ സര്‍ക്കാരിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ലിയൊ പതിനാലാമന്‍ പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിനാണ് ഈ സന്ദേശത്തില്‍ പാപ്പായുടെ നാമത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
അന്താരാഷ്ട്ര സമ്പര്‍ക്കമാദ്ധ്യമ സമിതിയുടെ നൂറ്റിയറുപതാം സ്ഥാപനവാര്‍ഷിക വേളയിലാണ് ഈ ഉച്ചകോടിയെന്ന് അനുസ്മരിക്കുന്ന പാപ്പാ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് വിനിമയസങ്കേതികവിദ്യകളുടെ ഗുണങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആഗോളസഹകരണം പരിപോഷിപ്പിക്കാന്‍ ഈ സമിതി നടത്തുന്ന നിരന്തര ശ്രമങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നു.
ടെലെഗ്രാഫ്, റേഡിയോ, ടെലെഫോണ്‍, ഡിജിറ്റല്‍, ബഹിരാകാശ ആശയവിനിമയങ്ങള്‍ എന്നിവയിലൂടെ മാനവകുടുംബത്തെ ബന്ധിപ്പിക്കുകയെന്നത്, പ്രത്യേകിച്ച്, ഗ്രാമപ്രദേശങ്ങളിലും താഴ്ന്ന വരുമാനമുള്ള ഇടങ്ങളിലും, വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും 260 കോടിയോളം ആളുകള്‍ക്ക് ഇപ്പോഴും ആശയവിനിമയ സാങ്കേതികവിദ്യകള്‍ ലഭ്യമല്ലായെന്നും പാപ്പാ പറയുന്നു.
നിര്‍മ്മിതബുദ്ധി നയിക്കുന്ന ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുന്ന അനന്ത സാധ്യതകളെ അഭിമുഖീകരിക്കുന്ന നാല്ക്കവലയിലാണ് നരകുലമെന്നും ഈ വിപ്ലവത്തിന്റെ സ്വാധീനം വിദ്യാഭ്യാസം, ജോലി, കല, ആരോഗ്യ സംരക്ഷണം, ഭരണം, സൈന്യം, ആശയവിനിമയം തുടങ്ങിയ മേഖലകളില്‍ പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ട് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിയിരിക്കയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. ഐതികാഹസികമായ ഈ പരിവര്‍ത്തനം ഉത്തരവാദിത്വവും വിവേചനവും ആവശ്യപ്പെടുന്നുവെന്നും പാപ്പാ പറയുന്നു.
നിര്‍മ്മതിബുദ്ധിക്ക് മാനുഷികയുക്തിയുടെ വശങ്ങള്‍ അനുകരിക്കാനും അവിശ്വസനീയമായ വേഗതയിലും കാര്യക്ഷമതയിലും നിര്‍ദ്ദിഷ്ട ജോലികള്‍ ചെയ്യാനും കഴിയുമെങ്കിലും, ധാര്‍മ്മിക വിവേചനാധികാരമോ യഥാര്‍ത്ഥ ബന്ധങ്ങള്‍ രൂപപ്പെടുത്താനുള്ള കഴിവോ അതിന് പകര്‍ത്താന്‍ കഴിയില്ലയെന്നതിനാല്‍ത്തന്നെ, അത്തരം സാങ്കേതിക വിദ്യകളുടെ വികസനം മാനുഷികവും സാമൂഹികവുമായ മൂല്യങ്ങളോടുള്ള ആദരവ്, വ്യക്തമായ മനസ്സാക്ഷിയോടെ വിധിക്കാനുള്ള കഴിവ്, മാനുഷിക ഉത്തരവാദിത്തത്തിലുള്ള വളര്‍ച്ച എന്നിവയുമായി കൈകോര്‍ക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു.