മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്: കാമറൂണിൽ സമാധാന ആഹ്വാനവുമായി മാർപാപ്പ
കാമറൂണിലെ ബമെൻഡയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ, രാജ്യത്തെ വേട്ടയാടുന്ന ആഭ്യന്തരസംഘർഷങ്ങളിലും അഴിമതിയിലും ആശങ്ക അറിയിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ആംഗ്ലോഫോൺ പ്രതിസന്ധി രൂക്ഷമായ ഈ മേഖലയിൽ സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
ഓരോ വ്യക്തിയുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു ഭാവി കെട്ടിപ്പടുക്കാൻ ജനങ്ങൾ ഒന്നിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
വിമാനത്താവള പരിസരത്ത് നടന്ന ചടങ്ങിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് പരിശുദ്ധ പിതാവിന്റെ സന്ദേശം ശ്രവിക്കാൻ ഒത്തുചേർന്നത്.
ദാരിദ്ര്യം, ഭരണരംഗത്തെ അഴിമതി, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ തകർച്ച എന്നിവ കാമറൂണിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതായി മാർപാപ്പ ചൂണ്ടിക്കാട്ടി. ലാഭക്കൊതി മൂലം ആഫ്രിക്കൻ ഭൂഖണ്ഡത്തെ ചൂഷണം ചെയ്യുന്ന വിദേശശക്തികളെയും ലെയോ പാപ്പ വിമർശിച്ചു.
മാറ്റത്തിനായി നാളെ വരെ കാത്തിരിക്കരുതെന്നും, വൈവിധ്യങ്ങൾക്കിടയിലും ഐക്യം നിലനിർത്തിക്കൊണ്ട് ഇന്നുമുതൽ തന്നെ പ്രവർത്തനങ്ങൾ തുടങ്ങണമെന്നും പാപ്പ ജനങ്ങളോട് ആവശ്യപ്പെട്ടു.
തിന്മയെ നേരിടാൻ ദൈവവചനം നൽകുന്ന കരുത്ത് ഉപയോഗപ്പെടുത്തി മാറ്റത്തിന്റെ വക്താക്കളാകാനും പാപ്പ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.