ഉക്രെയ്‌ന് പത്ത് കോടിയിലധികം രൂപയുടെ സഹായവുമായി പാപ്പ
വത്തിക്കാന്‍ സിറ്റി: കൊടുംതണുപ്പിലും യുദ്ധക്കെടുതിയിലും വലയുന്ന ഉക്രെയ്‌നിലെ ജനങ്ങള്‍ക്കായി 10 കോടി രൂപയിലധികം വിലമതിക്കുന്ന മരുന്നുകളും ഹീറ്ററുകളും അടങ്ങുന്ന കൈത്താങ്ങുമായി ലിയോ 14-ാമന്‍ പാപ്പ. ഏകദേശം 10 ലക്ഷം യൂറോയിലധികം വിലമതിക്കുന്ന അത്യാവശ്യ മരുന്നുകളാണ് വത്തിക്കാന്‍ ഉക്രെയ്‌നിലെത്തിച്ചത്. ‘ബാങ്കോ ഫാര്‍മസ്യൂട്ടിക്കോ’ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഇത് സാധ്യമായത്.
റഷ്യന്‍ ആക്രമണത്തില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ന്നതോടെ കൊടും ശൈത്യത്തില്‍ ചൂടു ലഭിക്കാന്‍ മാര്‍ഗമില്ലാതെ വലയുന്നവര്‍ക്കായി നിരവധി ഹീറ്ററുകളും വത്തിക്കാന്‍ ലഭ്യമാക്കി. ചൂട് ലഭിക്കാന്‍ മാര്‍ഗമില്ലാതെ വലയുന്ന 800-ഓളം കുടുംബങ്ങള്‍ക്കായി അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ച ബിഷപ് പാവ്‌ലോ ഹൊണ്‍ചാരുക്കിന്റെ ആവശ്യപ്രകാരം ഫെബ്രുവരി 24-ന് ഇന്ധനം നിറച്ച ആയിരത്തിലധികം ഹീറ്ററുകള്‍ സാപ്പോറിഷ്ഷിയ പ്രദേശത്ത് എത്തിച്ചു. പാപ്പയുടെ ദാനധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ദിനാള്‍ കൊണ്‍റാഡ് ക്രജേവസ്‌കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പ റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമായി ആഹ്വാനം ചെയ്തിരുന്നു. ഇനിയും സമാധാനം വൈകിപ്പിക്കരുതെന്ന ശക്തമായ അഭ്യര്‍ത്ഥന നടത്തിയ പാപ്പ പിന്നാലെ യുദ്ധവും ശൈത്യവും രൂക്ഷമായ മേഖലകളിലേക്ക് സഹായം എത്തിക്കുകയായിരുന്നു.