സമാധാനത്തിന്റെ ഭാവി തേടി മാർപാപ്പ അൾജീരിയൻ മണ്ണിൽ
ചരിത്രത്തിലാദ്യമായി ഒരു കത്തോലിക്കാ സഭാനേതാവ് അൾജീരിയൻ മണ്ണിലെത്തി. സമാധാനത്തിന്റെയും ക്ഷമയുടെയും സന്ദേശവുമായി അൾജീരിയ സന്ദർശിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയെ രാജ്യം ആവേശത്തോടെ വരവേറ്റു. അൾജിയേഴ്സിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ ഔദ്യോഗിക സന്ദർശനം ആരംഭിച്ചത്.
‘ഭാവി സമാധാനത്തിന്റെ വക്താക്കളുടേതാണ്’ എന്ന് രക്തസാക്ഷി സ്മാരകത്തിൽ നടന്ന ചടങ്ങിൽ മാർപാപ്പ പറഞ്ഞു. അൾജീരിയയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ സ്മരിച്ച പാപ്പ, നീതിയിലും അന്തസ്സിലും അധിഷ്ഠിതമായ സമാധാനത്തിനായി ആഹ്വാനം ചെയ്തു. ക്ഷമയിലൂടെ മാത്രമേ സമാധാനം പൂർണ്ണമാവുകയുള്ളൂവെന്നും ലോകമെമ്പാടും സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പകയ്ക്ക് പക എന്ന നിലപാട് ഉപേക്ഷിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഒരു സഹോദരനെപ്പോലെയാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും അൾജീരിയൻ ജനതയുടെ അതിഥിസൽക്കാരവും സാഹോദര്യവും മാതൃകാപരമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
വിശ്വാസത്തിന് അൾജീരിയൻ സമൂഹത്തിലുള്ള പ്രാധാന്യത്തെ പ്രശംസിച്ച പാപ്പ, ഭൗതികസമ്പത്തിനേക്കാൾ ദൈവത്തിലുള്ള വിശ്വാസമാണ് ഒരു രാജ്യത്തിന്റെ യഥാർഥ ഐശ്വര്യമെന്ന് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ അൾജിയേഴ്സിൽ വിമാനമിറങ്ങിയ മാർപാപ്പയെ പ്രസിഡന്റും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. നഗരവീഥികളും പാർക്കുകളും നവീകരിച്ച് വലിയ ഒരുക്കങ്ങളാണ് മാർപാപ്പയുടെ വരവിനായി അൾജീരിയൻ സർക്കാർ നടത്തിയിരുന്നത്.