സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായി നയതന്ത്രചര്‍ച്ചകള്‍ വേണം: പാപ്പായും ഇസ്രായേല്‍ പ്രസിഡന്റും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി
വത്തിക്കാന്‍സിറ്റി: പെസഹാ തിരുനാളിന്റെ കൂടി പശ്ചാത്തലത്തില്‍ പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായും ഇസ്രായേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നു.
ഏപ്രില്‍ 3 വെള്ളിയാഴ്ച രാവിലെ നടന്ന ഈ സംഭാഷണത്തില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ ആവശ്യം എടുത്തുപറയപ്പെട്ടതായി ഇതേ ദിവസം പുറത്തുവിട്ട ഒരു അറിയിപ്പിലൂടെ വത്തിക്കാന്‍ പ്രെസ് ഓഫീസ് വ്യക്തമാക്കി.
മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ നീതിപൂര്‍ണ്ണമായ സമാധാനം കൊണ്ടുവരുന്നത് മുന്നില്‍ക്കണ്ട് നിലവിലെ ഗുരുതരമായ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തുവാനായി എല്ലാ നയതന്ത്രചര്‍ച്ചാസാധ്യതകളും ഉപയോഗിക്കണമെന്ന കാര്യമാണ് ഫോണ്‍ സംഭാഷണത്തിലുണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു ചിന്തയെന്നാണ് പ്രെസ് ഓഫീസ് അതിന്റെ കുറിപ്പില്‍ എഴുതിയത്.
അതേസമയം സാധാരണ ജനത്തിന്റെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അന്താരാഷ്ട്രനിയമങ്ങളോടും മാനവികനിയമങ്ങളോടും ഉണ്ടാകേണ്ട ആദരവും ഫോണ്‍ സംഭാഷണത്തില്‍ എടുത്തുപറയപ്പെട്ടുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു.
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഹനൂക്ക ആഘോഷത്തിനിടയില്‍ നടന്ന ഭീകര ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കഴിഞ്ഞ ഡിസംബര്‍ 17 ബുധനാഴ്ചയും ഇരു രാഷ്ട്രനേതൃത്വങ്ങളും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നിരുന്നു.
പാലസ്തീന-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെയും മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ തുടരുന്ന മറ്റു സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ അവയ്ക്ക് പിന്നില്‍ ആയിരിക്കുന്ന ഏവരോടും സമാധാനത്തിനായി പ്രവര്‍ത്തിക്കാനും സാധാരണജനത്തിന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും പരിശുദ്ധ പിതാവ് തന്റെ പൊതുകൂടിക്കാഴ്ചാവേളകളിലും മറ്റു സന്ദര്‍ഭങ്ങളിലും പലവുരു ആഹ്വാനം ചെയ്തിരുന്നു.