എത്യോപ്യന്‍ പൗരസ്ത്യ കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ നിയമിച്ച് പാപ്പ

 
345



അഡിസ് അബാബ: റോമുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ എത്യോപ്യന്‍ കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷനായി ബിഷപ്പ് അബുന്‍ ടെസ്ഫായി ടാഡെസ് ഗെബ്രെസിലാസിയെ നിയമിച്ച് ലെയോ പാപ്പ. പ്രായപരിധി പിന്നിട്ട അഡിസ് അബാബയിലെ നിലവിലെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബെര്‍ഹാനെയേസസ് സൗറാഫീലിന്റെ രാജി മാര്‍പാപ്പ, സ്വീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ബിഷപ്പ് അബുന്‍ ടെസ്ഫായിയെ പാപ്പ തെരഞ്ഞെടുത്തത്.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയുടെ പുതിയ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്വവും അദ്ദേഹത്തിന് ലഭിച്ചു. റോമുമായി പൂര്‍ണ്ണ കൂട്ടായ്മയിലുള്ള പൗരസ്ത്യ കത്തോലിക്കാ സഭയായ എത്യോപ്യന്‍ കത്തോലിക്ക സഭയില്‍ ഏകദേശം 80,000 വിശ്വാസികളാണുള്ളത്. എത്യോപ്യ കേന്ദ്രീകരിച്ചുള്ള നാല് രൂപതകളിലായി ഏകദേശം 600 വൈദികരും സേവനം ചെയ്യുന്നുണ്ട്. ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴയ ആരാധനാക്രമ ഭാഷകളിലൊന്നായ ഗീസ് ഭാഷയിലാണ് എത്യോപ്യന്‍ കത്തോലിക്ക സഭ പ്രധാനമായും ആരാധനക്രമം ആഘോഷിക്കുന്നത്.


1969-ല്‍ ഹരാറില്‍ ജനിച്ച ഗെബ്രെസിലാസി 1986-ല്‍ കോമ്പോണി മിഷ്ണറീസ് ഓഫ് ദി ഹാര്‍ട്ട് ഓഫ് ജീസസില്‍ ചേരുകയും 1995-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രം പഠിക്കുകയും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അറബിക് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസില്‍ നിന്ന് ലൈസന്‍സ് ബിരുദം നേടുകയും ചെയ്തു. എത്യോപ്യയിലെ കോംബോണി മിഷ്ണറിമാരുടെ പ്രവിശ്യ സുപ്പീരിയര്‍ (2005), സന്യാസ സമൂഹത്തിന്റെ (2009-2015) ജനറല്‍ കൗണ്‍സിലര്‍ (2015-2024) സന്യാസ സമൂഹത്തിന്റെ (2015-2024) സുപ്പീരിയര്‍ ജനറല്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ അഡിസ് അബാബയിലെ അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്.


 

Tags

Share this story

From Around the Web