പെസഹാവ്യാഴം, ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ കർദിനാൾമാരെ നിയോഗിച്ച് മാർപാപ്പ

വിശുദ്ധ വാരത്തിൽ, പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ വത്തിക്കാനിലെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ ഫ്രാൻസിസ് മാർപാപ്പ മൂന്ന് കർദിനാൾമാരെ നിയോഗിച്ചു.
വിശ്രമത്തിലും ചികിത്സയിലും തുടരുന്ന പാപ്പയുടെ അനാരോഗ്യത്തെ തുടർന്നാണ് കർദിനാൾമാരെ വിശുദ്ധവാരത്തിലെ ശുശ്രൂഷകളുടെ നേതൃത്വം ഏൽപ്പിച്ചത്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ ആണ് ഇക്കാര്യം അറിയിച്ചത്.
പെസഹാ വ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസം കുർബാന അർപ്പിക്കാൻ ഇറ്റാലിയൻ കർദിനാൾ ഡൊമെനിക്കോ കാൽകാഗ്നോയെ നിയോഗിച്ചു.
കിഴക്കൻ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ ക്ലാവുഡിയോ ഗുജെറോത്തി ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാൻ ബസിലിക്കയിൽ നടക്കുന്ന പീഡാനുഭവ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
അന്നേദിനം വൈകുന്നേരം, റോമിലെ വികാരി ജനറൽ കർദിനാൾ ബാൽദസാരെ റെയ്‌ന, ഫ്രാൻസിസ് പാപ്പ എഴുതിയ ധ്യാനങ്ങളോടെ കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിക്ക് നേതൃത്വം നൽകും.
ശനിയാഴ്ച വൈകുന്നേരം ഈസ്റ്റർ വിജിൽ കുർബാനയും ഈസ്റ്റർ ഞായറാഴ്ച കുർബാനയും ആരൊക്കെ നടത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വക്താവ് മത്തിയോ ബ്രൂണി പറഞ്ഞു.