വത്തിക്കാനില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കാന്‍ 3 കര്‍ദ്ദിനാളുമാരെ പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിലെ വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളുമാരെ നിയമിച്ചു. പെസഹ വ്യാഴം, ദുഃഖവെള്ളി ആരാധനക്രമ അനുഷ്ഠാനങ്ങളിലും ബലിയര്‍പ്പണത്തിനും കുരിശിന്റെ വഴിയ്ക്കും കാര്‍മ്മികത്വം വഹിക്കുവാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന് കര്‍ദ്ദിനാള്‍മാരെ നിയോഗിച്ചിട്ടുള്ളതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ പറഞ്ഞു.
ബൈലാറ്ററല്‍ ന്യുമോണിയയില്‍ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് പാപ്പ പൂര്‍ണ്ണമായും ആരോഗ്യസ്ഥിതി വീണ്ടെടുക്കാത്തതിനാലാണ് നിയമനമെന്ന് നിരീക്ഷിക്കപ്പെടുന്നു.
പെസഹ വ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ തൈലം വെഞ്ചരിക്കുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ഡൊമെനിക്കോ കാല്‍കാഗ്‌നോയെയാണ് നിയോഗിച്ചിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാന്‍ ബസിലിക്കയില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കര്‍ദ്ദിനാള്‍ ക്ലോഡിയോ ഗുഗെറോട്ടി പീഡാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
രാത്രി കൊളോസിയത്തിലെ കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കു റോമിലെ വികാരി ജനറല്‍ കര്‍ദ്ദിനാള്‍ ബാല്‍ദസാരെ റെയ്ന നേതൃത്വം നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഫ്രാന്‍സിസ് പാപ്പ എഴുതിയ ധ്യാന ചിന്തകളാണ് കുരിശിന്റെ വഴിയില്‍ പങ്കുവെയ്ക്കുക.