വിശ്വാസത്തിന്റെ ഐക്യത്തിലേക്ക് ഒരുമിച്ച് മുന്നേറാൻ പ്രാർത്ഥനയോടെ പാപ്പായും ആരാം ഒന്നാമൻ കാതോലിക്കോസും

 
Papa

കത്തോലിക്കാസഭയും അർമേനിയൻ ഓർത്തഡോക്സ് സഭയുൾപ്പെടെയുള്ള വിവിധ ക്രൈസ്തവസഭകളും തമ്മിലുള്ള എക്യൂമെനിക്കൽ ബന്ധം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും, വിശ്വാസത്തിന്റെ ഐക്യത്തിൽ സഭൈക്യം വളർത്തേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും സിലിഷ്യാ സിംഹാസനത്തിന്റെ അദ്ധ്യക്ഷൻ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമനും. മെയ് 18 തിങ്കളാഴ്ചയാണ്, ലബനനിലുൾപ്പെടെ, മദ്ധ്യപൂർവ്വദേശങ്ങളിലെ ക്രൈസ്തവരുൾപ്പെടുന്ന പൊതുസമൂഹം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ വത്തിക്കാനിലെ അപ്പസ്തോലികകൊട്ടാരത്തിൽ വച്ച് ഇത്തരമൊരു കൂടിക്കാഴ്ച നടന്നത്.

കത്തോലിക്കാസഭയും മറ്റു ക്രൈസ്തവസഭകളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും, അതുവഴി ക്രൈസ്തവർ തമ്മിലുണ്ടാകേണ്ട ഐക്യത്തിന്റെയും പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ച പാപ്പാ, വിവിധ സംസ്കാരങ്ങളും മതങ്ങളും ഇടകലർന്ന് ജീവിക്കുന്ന ലെബനൻ നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, അവിടുത്തെ ക്രൈസ്തവരുൾപ്പെടുന്ന ജനങ്ങൾക്കുവേണ്ടി താൻ അനുദിനം പ്രാർത്ഥിക്കാറുണ്ടെന്ന് പ്രസ്താവിച്ചു. സഭകൾ തമ്മിലുള്ള ഐക്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയുടെ പ്രാധാന്യവും പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു.

വിവിധ സഭകൾ തമ്മിലുള്ള ഐക്യവുമായി ബന്ധപ്പെട്ട്, സിലീഷ്യായിൽ ജനിച്ച പൗലോസ് അപ്പസ്തോലന്റെയും, മെയ് 18-ന് റോമൻ രക്തസാക്ഷി ലിസ്റ്റിൽ ചേർക്കപ്പെട്ടതും, സിലീഷ്യായുടെ കാതോലിക്കോസുമായിരുന്ന വിശുദ്ധ നേർസെസ് ദി ഗ്രേഷ്യസിന്റെയും പേരുകൾ, കൂടിക്കാഴ്ചയുടെ അവസരത്തിൽ നടത്തിയ പ്രഭാഷണത്തിൽ ലിയോ പതിനാലാമൻ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. വിവിധ ജനതകളും സംസ്കാരങ്ങളും ഒത്തുചേരുന്ന ലെബനനിൽ ആസ്ഥാനമുള്ള സിലീഷ്യായിലെ കാതോലിക്കോസിന്റെ സിംഹാസനത്തിന് എക്യൂമെനിക്കൽ പ്രസ്ഥാനത്തിൽ, പ്രത്യേകിച്ച് റോമിലെ സഭയുമായുള്ള ബന്ധത്തിലുള്ള പ്രമുഖ സ്ഥാനവും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ആദ്യമായി റോം സന്ദർശിച്ച പൗരസ്ത്യ ഓർത്തഡോക്സ് സഭാപിതാവ് സിലീഷ്യയുടെ കാതോലിക്കോസായിരുന്ന ഖോരെൻ ഒന്നാമനായിരുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മദ്ധ്യപൂർവ്വദേശങ്ങളിലെ ക്രൈസ്തവസഭകൾ ഒന്നുചേർന്നുള്ള കൗൺസിലിന്റെ സ്ഥാപകരിൽ ഒരാളെന്ന നിലയിലും, സഭകൾ തമ്മിലുള്ള എക്യൂമെനിക്കൽ ബന്ധത്തിനായുള്ള കൗൺസിലിലെ പ്രവർത്തനങ്ങളിലൂടെയും, എക്യൂമെനിക്കൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിലവിലെ കാതോലിക്കോസിനുള്ള പ്രാധാന്യം പ്രത്യേകം എടുത്തുപറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായുള്ള വാരാഘോഷത്തിൽ പങ്കെടുക്കാനായി അദ്ദേഹം 1997-ൽ റോമിൽ എത്തിയതും പാപ്പാ പരാമർശിച്ചു.

കഴിഞ്ഞ ഡിസംബറിൽ താൻ സന്ദർശിച്ചതും, വിവിധ സംസ്കാരങ്ങളിലെയും മതങ്ങളിലെയും ആളുകൾക്ക് ഒരേയിടത്ത് ഐക്യത്തോടെ ജീവിക്കാൻ സാധിക്കുമെന്ന് ഏറെ നാളുകളായി കാണിച്ചുതന്നതുമായ ലെബനൻ, ബുദ്ധിമുട്ടേറിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നത് അനുസ്മരിച്ച പാപ്പാ, രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും ചോദ്യം ചെയ്യപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തിൽ, ക്രൈസ്തവർക്ക്, തങ്ങൾക്കിടയിൽ മാത്രമല്ല, മറ്റു സമൂഹങ്ങളിലെ ആളുകളുമായും സഹോദര്യപൂർണ്ണമായ ബന്ധം ശക്തിപ്പെടുത്തി, തങ്ങളുടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള കടമയുണ്ടെന്ന് ഓർമ്മിപ്പിച്ചു.

സംഘർഷങ്ങളും ആക്രമണങ്ങളും നേരിടുന്ന ലബനന്റേതുൾപ്പെടെ മദ്ധ്യപൂർവ്വദേശങ്ങൾ മുഴുവന്റെയും കാര്യത്തിൽ തനിക്കുള്ള ആശങ്ക അറിയിച്ച പാപ്പാ, കാതോലിക്കോസിന് തന്റെ അനുദിനപ്രാർത്ഥനകൾ ഉറപ്പുനൽകി. മദ്ധ്യപൂർവ്വദേശങ്ങളിലെ ക്രൈസ്തവസഭകൾ നേരിടുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട് കാതോലിക്കോസ് റോമിലെ പൊന്തിഫിക്കൽ ഓറിയെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താനിരിക്കുന്ന കോൺഫറൻസും പാപ്പാ പ്രത്യേകം പരാമർശിച്ചു.

പന്തക്കുസ്ത തിരുനാളുമായി ബന്ധപ്പെട്ട് പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ച് സംസാരിച്ച പാപ്പാ, കാതോലിക്കോസുമൊത്ത് പ്രാർത്ഥിക്കാനുള്ള അവസരം ലഭിച്ചതിലുള്ള തന്റെ സന്തോഷവും എടുത്തുപറഞ്ഞു. ജീവദാതാവായ ദൈവം നമുക്ക് നീണ്ടുനിൽക്കുന്ന സമാധാനമേകട്ടെയെന്നും പാപ്പാ ആശംസിച്ചു.

Tags

Share this story

From Around the Web