കൊല്ലത്ത് അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച് പൂജ, മകന് മാനസിക പ്രശ്നമെന്ന് സൂചന
കൊല്ലം: കുളത്തൂപുഴയിൽ അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ നടത്തിയതായി റിപ്പോർട്ട്. ആർ.പി.എൽ. എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്നോ നാലോ ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച് പൂജകൾ നടത്തിയത്. കൃഷ്ണസ്വാമിക്ക് മാനസിക വെല്ലുവിളികൾ ഉള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ചയാണ് ചിന്നത്താമ മരണപ്പെട്ടത്. എന്നാൽ ഈ വിവരം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ തന്നെ വെച്ച് ഇയാൾ പൂജ നടത്തുകയായിരുന്നു. വീട്ടിൽ കൃഷ്ണസ്വാമിയും അമ്മയും മാത്രമായിരുന്നു താമസം. ബന്ധുവായ കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് അവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കൃഷ്ണസ്വാമിയെ പൊലീസ് വിദഗ്ധ പരിശോധനയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കുളത്തൂപുഴ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.