പൂച്ചാണ്ടിക്കും ഔദ്യോഗിക പദവി. മഹാരാഷ്ട്രയിലെ ഗുണ്ടാവലി മെട്രോ സ്റ്റേഷനിലെ ജിഞ്ചര്‍ പൂച്ച യ്ക്ക് ഔദ്യോഗിക പദവി
മുംബൈ: മഹാരാഷ്ട്രയിലെ ഗുണ്ടാവലി മെട്രോ സ്റ്റേഷനില്‍ പതിവായി കാണപ്പെടുന്ന ജിഞ്ചര്‍ പൂച്ചയ്ക്ക് ഔദ്യോഗിക പദവി. ചീഫ് ഫെലൈന്‍ ഓഫീസര്‍ എന്ന പദവിയാണ് പൂച്ചയ്ക്ക് തമാശരൂപേണ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ കാവല്‍ക്കാരന്‍ പൂച്ചയ്ക്കാണ് മെട്രോ അധികൃതര്‍ സ്ഥാനപദവി നല്‍കിയത്. മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടത്തിലും പരിസരത്തും കാവല്‍ നില്‍ക്കുന്നതുപോലെ സമയം ചെലവഴിച്ചിരുന്ന പൂച്ചയെ സന്ദേഷ് സാമന്ത് എന്നയാളാണ് വൈറലാക്കിയത്.
ശമ്പളമില്ലാത്ത ഈ കാവല്‍ക്കാരന് ഒരു ഔദ്യോഗിക തസ്തിക നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സന്ദേഷിന്റെ പോസ്റ്റ്. മഹാ മുംബൈ മെട്രോയെ ടാഗ് ചെയ്തുകൊണ്ട് എക്സിലാണ് സന്ദേഷ് പൂച്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇതിനുപിന്നാലെ പൂച്ചയ്ക്ക് സിഎഫ്ഒ പദവി നല്‍കിയതായി മെട്രോ അധികൃതര്‍ അറിയിക്കുകയായിരുന്നു. യാത്രക്കാരെ നിരീക്ഷിക്കുക, സ്റ്റേഷന്‍ പരിശോധിക്കുക, എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ ഇരിക്കുക, ചുറ്റുപാടുകള്‍ വീക്ഷിക്കുക എന്നിവയാണ് 'പൂച്ച സാറി'ന് നല്‍കിയിരിക്കുന്ന ചുമതലകള്‍.
ഈ സിഎഫ്ഒ പോസ്റ്റ് ഒരു തമാശയാണെന്നും എന്നാല്‍ വളരെ കൃത്യമായാണ് പൂച്ച സര്‍ ഇതുവരെ ജോലി ചെയ്തിരിക്കുന്നതെന്നും മെട്രോ അധികൃതര്‍ പ്രതികരിച്ചു. അതികഠിനമായ ചൂടുകാലത്ത് കുരങ്ങ് ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ മെട്രോയുടെ തണുത്ത പടികളില്‍ അഭയം തേടാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മുംബൈ മെട്രോയുടെ ലൈന്‍ 7-ലാണ് വൈറല്‍ പൂച്ചയെ എപ്പോഴും കാണപ്പെടാറുള്ളത്. വളരെ ശാന്തമായി പെരുമാറുന്ന ഓഫീസര്‍ പൂച്ചയ്ക്ക് നിരവധി യാത്രക്കാരാണ് ഇപ്പോള്‍ ആശംസകള്‍ അറിയിക്കുന്നത്.
ഐഡി കാര്‍ഡും ഓഫീസ് ടേബിളും ഇല്ലെങ്കിലെന്താ, മെട്രോ സാറിന്റെ മേല്‍നോട്ടത്തിലാണെന്നും ആളുകള്‍ പ്രതികരിക്കുന്നുണ്ട്.