പൊന്നമ്മ കൊലക്കേസ്: മകനെയും പെണ്‍സുഹൃത്തിനെയും കുടുക്കിയത് അന്ത്യകര്‍മങ്ങള്‍ക്കിടെ എത്തിയ ആ അജ്ഞാത ഫോണ്‍കോള്‍?
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നില്‍ക്കുന്നതില്‍ പൊന്നമ്മ തോമസിനെ മര്‍ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസില്‍ മകന്‍ ടിജോ തോമസ് (37), ഒപ്പം താമസിച്ചിരുന്ന കാമുകി കൊല്ലം കാവനാട് സ്വദേശിനി റിന്‍സി മോള്‍ (37) എന്നിവരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.
സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെങ്കിലും പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കാരണമായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ടിജോ കഴിഞ്ഞ ആറുമാസമായി പെണ്‍സുഹൃത്തായ റിന്‍സിക്കൊപ്പമാണ് സ്വന്തം വീട്ടില്‍ താമസിച്ചിരുന്നത്.
സംഭവദിവസം രാത്രി ടിജോയും റിന്‍സിയും തമ്മില്‍ വലിയ വഴക്കുണ്ടായി. ഇത് തടയാനും ഇരുവരെയും പിടിച്ചുമാറ്റാനും എത്തിയ പൊന്നമ്മയെ ടിജോ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നെഞ്ചില്‍ ചവിട്ടുകയും തലയണ വെച്ച് ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പൊന്നമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മരണത്തിന് പിന്നാലെ ടിജോയും ബന്ധുക്കളും ചേര്‍ന്ന് പൊന്നമ്മയുടെ മൃതദേഹം കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ വീട്ടിലെത്തിയ ബന്ധുക്കള്‍ക്ക് കാര്യങ്ങള്‍ മനസിലായിരുന്നുവെങ്കിലും അവര്‍ ഇത് പൊലീസില്‍ അറിയിച്ചില്ല. പഞ്ചായത്ത് അംഗത്തിന്റെ കത്ത് നല്‍കിയാണ് മൃതദേഹം മോര്‍ച്ചറിയില്‍ വെച്ചത്.
എന്നാല്‍ ചൊവ്വാഴ്ച കോയിപ്രം പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശം കേസില്‍ വഴിത്തിരിവായി. പൊലീസ് മോര്‍ച്ചറിയിലെത്തി നടത്തിയ ഇന്‍ക്വസ്റ്റ് പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ടെത്തി.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ ഡോ. അശ്വതിയുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സീരിയല്‍ നടിയുടെ സഹായിയായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്താണ് സിനിമ-സീരിയല്‍ നടിയായിരുന്ന റിന്‍സിയുമായി ടിജോ അടുക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ആദ്യ ഭര്‍ത്താവിനെയും, പിന്നീട് കാന്‍സര്‍ ബാധിതനായ രണ്ടാമത്തെ പങ്കാളിയെയും ഉപേക്ഷിച്ചാണ് റിന്‍സി ടിജോയ്‌ക്കൊപ്പം എത്തിയത്.
മേയ് മാസത്തില്‍ ടിജോയും ഭാര്യ ബിന്‍സിയും മൂന്നാറില്‍ വിനോദയാത്ര പോയിരുന്നു. പിന്നീട് പൂനെയില്‍ ജോലി ചെയ്യുന്ന ബിന്‍സി അങ്ങോട്ടേക്ക് മടങ്ങിയതിന് ശേഷമാണ്, അമ്മയെ നോക്കാന്‍ ഹോംനഴ്‌സ് ആണെന്ന് പറഞ്ഞ് ടിജോ റിന്‍സിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇരുവരും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നു.
വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച മകനാണ് ടിജോ. അമിത ലാളന നല്‍കിയാണ് മാതാപിതാക്കള്‍ ടിജോയെ വളര്‍ത്തിയത്. ടിജോയുടെയും ബിന്‍സിയുടെയും വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായെങ്കിലും കുട്ടികളുണ്ടായില്ല. ഇതിന്റെ പേരില്‍ പൊന്നമ്മ മകനോടും മരുമകളോടും വഴക്കിടുന്നത് പതിവായിരുന്നു. ഒരിക്കല്‍ വെട്ടുകത്തിയുമായി ബിന്‍സിക്ക് നേരെ പാഞ്ഞടുത്ത പൊന്നമ്മയെ ടിജോ തടഞ്ഞതും അവര്‍ ബിന്‍സിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചതും ബിന്‍സി ഫോണില്‍ പകര്‍ത്തിയിരുന്നു.
ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും, സുഹൃത്തിനൊപ്പം ചേര്‍ന്ന് സ്വന്തം അമ്മയെ ടിജോ കൊലപ്പെടുത്തി എന്ന് ഭാര്യ ബിന്‍സിക്ക് ഇപ്പോഴും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ബിന്‍സിയുടെ പിതാവിന്റെ കാലൊടിഞ്ഞ സമയത്ത് കടപ്രയിലെ വീട്ടില്‍ കൊണ്ടുവന്ന് ശുശ്രൂഷിക്കാന്‍ ടിജോ മുന്‍കൈ എടുത്തിരുന്നു. ഇതിനാല്‍ തന്നെ ടിജോ ഇത്ര വലിയ ക്രൂരത ചെയ്യില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
അറസ്റ്റിലായ ശേഷം പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെ കാണാന്‍ എത്തിയ ബിന്‍സി, 'അമ്മെ അടക്കാനുള്ള ശവപ്പെട്ടി കുമ്പനാട്ടെ കടയില്‍നിന്ന് തന്നെ വാങ്ങണേ.. നിങ്ങള്‍ ഇപ്പോള്‍ ഒരു കൊലപാതകി ആണെന്ന് അറിയാമോ?' എന്ന് ചോദിച്ചപ്പോള്‍ 'എനിക്കങ്ങനെ ചെയ്യാന്‍ പറ്റുമോ?' എന്നായിരുന്നു ടിജോയുടെ മറുചോദ്യം. കുട്ടികള്‍ ഉണ്ടാകാനുള്ള ചികിത്സ തുടങ്ങാനിരിക്കെയാണ് ഈ കൊലപാതകം നടക്കുന്നത്.
അസ്വാഭാവിക മരണം സംഭവിച്ചാല്‍ പൊലീസിനെ അറിയിക്കേണ്ട ഉത്തരവാദിത്തം ആശുപത്രിക്കുണ്ട്. എന്നാല്‍ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയുടെ ഭാഗത്തുനിന്ന് അതുണ്ടായില്ല. പൊലീസ് അന്വേഷിക്കാന്‍ എത്തിയപ്പോഴും അനുകൂലമായ പ്രതികരണമല്ല ആശുപത്രി അധികൃതരില്‍ നിന്ന് ലഭിച്ചത്.
ആരുടെയെങ്കിലും ശിപാര്‍ശയിലാണോ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഇവര്‍ തയ്യാറായതെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസില്‍ റിമാന്‍ഡിലായ ടിജോയ്ക്കും റിന്‍സിക്കും എതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.