ശൈത്യകാലം തുടങ്ങുമ്പോഴാണ് മലിനീകരണ തോത് വർധിക്കുന്നത്, ചിലരെ ജയിലിലടക്കുന്നത് മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായിരിക്കും’: മലിനീകരണ കേസില്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വൈക്കോൽ കത്തിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സുപ്രീം കോടതി. ചിലരെ ജയിലിലടക്കുന്നത് മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായിരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.
എന്ത് കൊണ്ട് ആളുകൾക്ക് വ്യവസ്ഥകളെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. ചില ആളുകൾ ജയിലിലായാൽ അത് മറ്റുള്ളവർക്ക് കൂടിയുള്ള മുന്നറിയിപ്പായിരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിലെയും കമ്മിറ്റികളിലെയും ഒഴിവുകളെക്കുറിച്ചുള്ള കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ശൈത്യകാലം തുടങ്ങുമ്പോഴാണ് മലിനീകരണ തോത് സാധാരണ വർധിക്കുന്നത്. അതിന് മൂന്നാഴ്ചകൾക്ക് മുമ്പ് തന്നെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ തയാറാക്കണമെന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെൻ്റെ (സിഎക്യുഎം), കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി), സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ എന്നിവയോട് കോടതി ആവശ്യപ്പെട്ടു.
മലിനീകരണ നിയന്ത്രണ ബോർഡുകളിലെ ഒഴിവുകൾ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനങ്ങളെ ചോദ്യമുനയിൽ നിർത്തി. മൂന്ന് മാസത്തിനുള്ളിൽ നിയമനങ്ങൾ പൂർത്തിയാക്കാൻ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു.