നിലമ്പൂരില്‍ വോട്ടെടുപ്പ് നാളെ. ആകെ 263 പോളിംഗ് ബൂത്തുകള്‍. ഡ്യൂട്ടിക്ക് 1,264 ഉദ്യോഗസ്ഥര്‍
മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 19ന് പോളിംഗ് ജോലിക്കായി റിസര്‍വ് ഉദ്യോഗസ്ഥരടക്കം 1,264 ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.
പോളിംഗ് ബൂത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ 18ന് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കിയ വിതരണ കേന്ദ്രത്തില്‍ നിന്നും പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റി ബന്ധപ്പെട്ട ബൂത്തുകളില്‍ എത്തിച്ചേര്‍ന്നു.
18 ന് വൈകുന്നേരത്തോടുകൂടി വിതരണ കേന്ദ്രത്തില്‍ സജ്ജമാക്കിയ വിവിധ കൗണ്ടറുകളില്‍ നിന്നും വിതരണം പൂര്‍ത്തിയായിട്ടുണ്ട്. 19ന് വോട്ടെടുപ്പ് കഴിഞ്ഞശേഷമുള്ള സാധന സാമഗ്രികള്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരിക്കും.
ആകെയുള്ള 263 പോളിംഗ് ബൂത്തുകളില്‍ 7 ലൊക്കേഷനുകളിലായി 14 ക്രിട്ടിക്കല്‍ പോളിംഗ് ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിലേക്ക് 7 മൈക്രോ ഒബ്‌സര്‍വര്‍മാരെക്കൂടി നിയോഗിച്ചിട്ടുണ്ട്.
263 ബൂത്തുകളിലേക്കായി 263 പ്രിസൈഡിംഗ് ഓഫീസര്‍മാരേയും 263 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരേയും 526 പോളിംഗ് ഓഫീസര്‍മാരേയും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.