അവധിയിലുള്ള പോലീസുകാരന്‍ സ്പായിലെത്തി, ജീവനക്കാരെ ഭീഷണിപ്പെടുത്തി പണംവാങ്ങി മുങ്ങി; അന്വേഷണം ആരംഭിച്ചു.

 
police

താമരശ്ശേരി: അവധിയിലുള്ള പോലീസുകാരന്‍ തന്റെ സ്റ്റേഷന്‍ പരിധിയിലല്ലാത്ത മറ്റൊരു സ്ഥലത്തെ സ്പായില്‍ പരിശോധനയ്‌ക്കെന്ന പേരില്‍ കയറി സ്ത്രീജീവനക്കാരെ ഭീഷണിപ്പെടുത്തി പണംവാങ്ങി സ്ഥലംവിട്ടു. 

ജില്ലയിലെ ഒരു മലയോരസ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസറാണ് പുതുപ്പാടി അടിവാരം ഭാഗത്തെ ഒരു സ്പായില്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി 1500 രൂപയും കൈവശപ്പെടുത്തി മടങ്ങിയത്. സംഭവം പുറത്തായതോടെ പോലീസിലെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച വൈകീട്ടാണ് പോലീസുദ്യോഗസ്ഥന്‍ മഫ്തിയില്‍ താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതിചെയ്യുന്ന അടിവാരം ഭാഗത്തെ സ്പായില്‍ എത്തിയത്. 

സ്പായില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുവോയെന്നത് പരിശോധിക്കാന്‍ എത്തിയതാണെന്ന് അറിയിച്ച ഇയാള്‍, അവിടത്തെ രേഖകളെല്ലാം ചോദിച്ചുവാങ്ങി പരിശോധിച്ചതിനുശേഷം പണം ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായ കാര്യങ്ങള്‍ നടത്തുന്നില്ലെന്നിരിക്കെ പണം നല്‍കേണ്ട കാര്യമില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, തന്റെ മേലധികാരി കര്‍ക്കശക്കാരനാണെന്നും പണംകൊടുത്തില്ലെങ്കില്‍ അദ്ദേഹം സ്ഥാപനം പൂട്ടിക്കുമെന്നുമായിരുന്നു പോലീസുകാരന്റെ മറുപടി. 

തുടര്‍ന്ന്, സ്ഥാപനത്തിലെ മേശവലിപ്പില്‍ ആകെയുണ്ടായിരുന്ന തുക ജീവനക്കാര്‍ പോലീസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു.

Tags

Share this story

From Around the Web