പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഇനി മൊബൈലിൽ. പുതിയ സംവിധാനവുമായി വിദേശകാര്യ മന്ത്രാലയം
പാസ്‌പോർട്ട് നടപടികളുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷൻ റെക്കോർഡ് (PVR) ഇനിമുതൽ ഡിജിലോക്കർ വഴി നേരിട്ട് ലഭ്യമാകും. വിദേശകാര്യ മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയവും ചേർന്നാണ് ‘പേപ്പർ രഹിത സേവനങ്ങൾ’ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സംവിധാനം ഒരുക്കിയത്.
ഇതോടെ, വിദേശത്ത് ജോലി തേടുന്നവർക്കും യാത്ര ചെയ്യുന്നവർക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും ഈ രേഖയുടെ പേപ്പർ രൂപം കൈയിൽ കരുതേണ്ട ആവശ്യം പൂർണ്ണമായും ഇല്ലാതാകും.
വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായാൽ, ഉപഭോക്താക്കൾക്ക് തങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിലെ ‘ഇഷ്യൂഡ് ഡോക്യുമെന്റ്‌സ്’ വിഭാഗത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.
സർക്കാർ സംവിധാനത്തിൽ നിന്ന് നേരിട്ട് ലഭ്യമാകുന്നതിനാൽ ഈ രേഖകൾക്ക് പൂർണ്ണ ആധികാരികതയുണ്ട്. രേഖകളിൽ വ്യാജരേഖ ചമയ്ക്കാനോ തിരുത്തലുകൾ വരുത്താനോ സാധിക്കില്ല.
കൂടാതെ, ഫോട്ടോകോപ്പി എടുത്ത് സാക്ഷ്യപ്പെടുത്തുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കി, ഉദ്യോഗസ്ഥർക്കോ ഏജൻസികൾക്കോ ഡിജിലോക്കർ വഴി ഡിജിറ്റലായി സുരക്ഷിതമായി കൈമാറാനും കഴിയും. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഈ ക്ലൗഡ് സ്റ്റോറേജ് സംവിധാനം സുപ്രധാന രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ പൗരന്മാരെ സഹായിക്കുന്നു.