കോംഗോയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ പോലീസിന് നിശബ്ദത; നീതി വേണമെന്ന് മെത്രാന്‍ സമിതി

ബ്രാസാവില്ല: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല്‍പ്പതിലധികം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോംഗോ ബിഷപ്പുമാര്‍.
ജൂലൈ 26നും 27നും ഇടയിലാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (അഉഎ) എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പിലെ അക്രമികള്‍ കത്തോലിക്ക വിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്തിയത്.
ബുനിയ രൂപതയിലെ ബ്ലെസ്ഡ് അനുവാരിറ്റ് ഇടവകയിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ നരഹത്യ നടത്തുകയായിരിന്നു.
യൂക്കറിസ്റ്റിക് ക്രൂസേഡ് എന്നറിയപ്പെടുന്ന ഒരു കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയായിരുന്ന 37 യുവജനങ്ങള്‍ ഉള്‍പ്പെടെ 43 പേരെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൂട്ടക്കൊലയ്ക്ക് ശേഷം പ്രിയപ്പെട്ടവരുടെ ആകസ്മിക വേര്‍പാടില്‍ പലരും മാനസികമായി തകര്‍ന്നുവെന്നും ആക്രമണം എന്താണ് സംഭവിച്ചതെന്ന് കാണാന്‍ എത്തിയവരെ കാത്തിരിന്നത് നടുക്കുന്ന കാഴ്ചകളായിരിന്നുവെന്നും ബുനിയയിലെ ബിഷപ്പ് ഡിയുഡോണെ ഉറിംഗി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിനോട് പറഞ്ഞു.
പോലീസും സൈന്യവും അകലെയായിരുന്നില്ല, പക്ഷേ അവര്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചില്ല. ജനങ്ങളെ സംരക്ഷിക്കാന്‍ അവര്‍ കൂടുതല്‍ വേഗത്തില്‍ ഇടപെടേണ്ടതായിരുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലായെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഉഗാണ്ടയുടെ അതിര്‍ത്തിയിലുള്ള പ്രദേശത്ത് പോരാടുന്ന വിവിധ ഗ്രൂപ്പുകള്‍ മൂലമുണ്ടായ നിലവിലുള്ള അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും, താന്‍ ശുശ്രൂഷ തുടരുകയാണ്. കാടിന്റെ നടുവിലുള്ള ഒരു ഖനി പ്രദേശത്തേക്ക് 60 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് സ്ഥൈര്യലേപന കൂദാശ നല്‍കുന്നതിനായി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഭരണകൂടവും പോലീസും പുലര്‍ത്തുന്ന നിശബ്ദതയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്