തീരദേശ ജനതയ്ക്കു വേണ്ടി സ്വരമുയര്‍ത്തിയ വൈദികര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു തോപ്പുംപടി ബിഒടി ജംഗ്ഷനില്‍ പ്രതിഷേധ പരിപാടിക്കു നേതൃത്വം നല്‍കിയവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഗതാഗത തടസമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി, നിരാഹാര സമരം നടത്തിയ വൈദികരും ലത്തീന്‍ കത്തോലിക്ക സമുദായ വക്താവ് ജോസഫ് ജൂഡും ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരേയാണു തോപ്പുംപടി പോലീസ് കേസെടുത്തത്.
അതേസമയം, കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സമരപ്പന്തലില്‍ സമാധാനപരമായി ഇരുന്നവരാണ്. ജാഥ നയിച്ചു ഗതാഗതം തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരേ കേസ് ചുമത്തിയിട്ടുള്ളത്.
റാലികളില്‍ അണിചേര്‍ന്നു വന്നവരെ ഗതാഗതം തടസപ്പെടുത്തണമെന്ന ഉദ്ദേ ശ്യത്തോടെ സംഘാടകര്‍ വിളിച്ചുവരുത്തിയെന്നും പിരിഞ്ഞുപോകാനുള്ള പോലീസ് നിര്‍ദേശം അവഗണിച്ചുവെന്നും എഫ്ഐആറില്‍ പോലീസ് ആരോപിക്കുന്നു.
കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന കൊച്ചിയിലെ തീരജനതയുടെ ആകുലത കള്‍ പരിഹരിക്കുക, ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ച് കെയര്‍ ചെല്ലാനം കൊച്ചിയുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച തോപ്പുംപടി ബിഒടി ജംഗ്ഷനില്‍ വൈദികരുടെ നിരാഹാരസമരവും റാലിയും നടന്നത്.
ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ വക്താവിനെയും വൈദികരെയും മറ്റു പ്രവര്‍ത്തകരെയും പ്രതികളാക്കി കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതി പ്രസ്താവിച്ചു. കടല്‍ക്ഷോഭം മൂലം പൊറുതിമുട്ടി തെരുവിലിറങ്ങിയ ജനക്കൂട്ടത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ചു കേസെടുത്തത് തെറ്റായ കാര്യങ്ങള്‍ ആരോപിച്ചാണ്.
സമയബന്ധിതമായി അധികൃതര്‍ കാര്യങ്ങള്‍ ചെയ്യാതെ വന്നപ്പോഴാണു കടല്‍ക്ഷോഭത്തില്‍ പൊറുതിമുട്ടി ജനം പ്രതിഷേധിക്കുന്നത്. 17 കിലോമീറ്ററില്‍ 7.3 കിലോമീറ്റര്‍ മാത്രം ട്രെട്രാപോഡുകള്‍ സ്ഥാപിച്ച്, ശേഷിക്കുന്ന വ എന്നു സ്ഥാപിക്കുമെന്നുപോലും പറയാന്‍ പറ്റാത്ത തരത്തിലാണ് അധികാരികള്‍.
കേസെടുത്ത് തീരത്തെ ജനങ്ങളുടെ പ്രക്ഷോഭത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്തിക്കളയാമെന്ന് ആരും വിചാരിക്കേണ്ട. കള്ളക്കേസ് പിന്‍വലിച്ച് മാപ്പു പറയാന്‍ ഉത്തരവാദപ്പെട്ടവരും അതിനു നിര്‍ദേശം നല്കിയവരും തയാറാകണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.