വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് പൊലീസിന്റെ സുരക്ഷ: പോല്‍ ആപ്പ് വഴി അപേക്ഷിക്കാം
തിരുവനന്തപുരം: അവധിക്കാലത്തോ മറ്റ് ആവശ്യങ്ങള്‍ക്കോ വീടുകള്‍ പൂട്ടിയിട്ട് യാത്രചെയ്യുന്നവര്‍ക്ക് വലിയൊരാശ്വാസമാവുകയാണ് കേരള പൊലീസിന്റെ സുരക്ഷാ സംവിധാനം.
പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് (ജഛഘഅജജ) വഴി യാത്ര പോകുന്ന വിവരം മുന്‍കൂട്ടി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് ഇതിനോടകം 31,188 പേരാണ് സുരക്ഷയുടെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
എങ്ങനെ അപേക്ഷിക്കാം?
പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം, അതിലെ 'ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍' എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. സാധാരണക്കാര്‍ക്കും വളരെ ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
• സമയപരിധി: യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും വിവരം ആപ്പിലൂടെ നല്‍കിയിരിക്കണം. പരമാവധി ഏഴു ദിവസം മുമ്പുവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്
• നല്‍കേണ്ട വിവരങ്ങള്‍: യാത്രപോകുന്ന ദിവസങ്ങള്‍, വീടിന്റെ ഫോട്ടോ, സ്ഥിതിചെയ്യുന്ന സ്ഥലം, കൃത്യമായ വിലാസം, അടുത്ത ബന്ധുവിന്റെയോ അയല്‍വാസിയുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്
• നിരീക്ഷണ കാലാവധി: പരമാവധി 14 ദിവസം വരെയാണ് വീടും പരിസരവും പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലുണ്ടാവുക.
14 ദിവസത്തിലധികം തുടര്‍ച്ചയായി ഈ സേവനം ആവശ്യമായി വരികയാണെങ്കില്‍ ആപ്പിലൂടെ പുതിയ അപേക്ഷ സമര്‍പ്പിക്കണം
രാജ്യത്തെ ഏറ്റവും മികച്ച ജനപ്രിയ ആപ്പുകളില്‍ ഒന്നായി മാറിയ കേരള പൊലീസിന്റെ ഈ പോല്‍-ആപ്പ് ഇതിനോടകം 17 ലക്ഷത്തോളം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
ഏറെ ഉപകാരപ്രദമായ ഈ സുരക്ഷാ ആപ്പ് എല്ലാവരും അവരവരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേരള പൊലീസ് അഭ്യര്‍ഥിച്ചു.