പോലീസിന്റെ ഹെലികോപ്റ്റര്‍ കരാര്‍ അവസാനിച്ചു; മണിക്കൂറിന് 4 ലക്ഷം നിരക്കില്‍ പുതിയ ഓഫറുമായി ചിപ്സണ്‍ ഏവിയേഷന്‍
തിരുവനന്തപുരം: കേരള പോലീസ് വാടകയ്ക്കെടുത്തിരുന്ന ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ പുതിയ നിര്‍ദേശവുമായി ചിപ്സണ്‍ ഏവിയേഷന്‍ രംഗത്ത്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രതിമാസ തുക ഒഴിവാക്കി, ആവശ്യാനുസരണം ഉപയോഗിക്കുമ്പോള്‍ മാത്രം മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കില്‍ സേവനം നല്‍കാം എന്നാണ് പുതിയ വാഗ്ദാനം.
നേരത്തെ, പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയും അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപയുമായിരുന്നു കമ്പനി ഈടാക്കിയിരുന്നത്.
എന്നാല്‍, നിലവിലെ കരാര്‍ നീട്ടുന്ന കാര്യത്തില്‍ സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകുന്നേരത്തിനകം ഭരണനേതൃത്വത്തില്‍ നിന്ന് തീരുമാനമുണ്ടാകാതിരുന്നതോടെയാണ് കരാര്‍ കാലാവധി അവസാനിച്ചത്.
കരാര്‍ നീട്ടണമെന്ന ഡി.ജി.പി.യുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നുവെങ്കിലും അന്തിമതീരുമാനം ആയിട്ടില്ല.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക്നാഥ് ബെഹ്റ ഡി.ജി.പി.യായിരുന്നപ്പോഴാണ് പോലീസ് ആവശ്യങ്ങള്‍ക്കായി ആദ്യം പവന്‍ ഹന്‍സില്‍ നിന്നും പിന്നീട് ചിപ്സണ്‍ ഏവിയേഷനില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. പുതിയ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമതീരുമാനമെടുക്കുക.