യൂട്യൂബർ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്; സമൂഹ മാധ്യമ പോസ്റ്റുകൾ പരിശോധിച്ചു തുടങ്ങി

 
THOPPI

കൊച്ചി: യൂട്യൂബർ തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് കളമശേരി പൊലീസ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ പരിശോധിച്ച് തുടങ്ങിയെന്നാണ് വിവരം. കളമശേരി സ്റ്റേഷൻ പരിധിയിലായിരുന്നു തൊപ്പിയുടെയും സംഘത്തിന്റെയും താമസം. പോക്സോ, ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്.

അഭിഭാഷകനായ ശ്രീജിത്ത്‌ പെരുമനയാണ് നിഹാദിനും സംഘത്തിനുമെതിരെ പരാതി നൽകിയത്. സമൂ​ഹ മാധ്യമങ്ങളിലൂടെയും തൊപ്പിക്കെതിരെ പരാതികൾ ഉയർന്നിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ പൂർണമായും തകർക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങളെന്നും, സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ രീതിയിലുള്ള ശക്തമായ നിയമനടപടികൾ തന്നെ ഉണ്ടാകണമെന്നും അഡ്വ ശ്രീജിത്ത്‌ പെരുമന പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

മുൻ സുഹൃത്തുക്കൾ തന്നെയാണ് തൊപ്പിക്കെതിരെ മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. ഗായകൻ ഹനാൻ ഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്. ഗ്യാങ്ങിൽ വിള്ളൽ വീണതിന് പിന്നാലെയായിരുന്നു നിഹാദും സുഹൃത്തും സാമൂഹ്യ മാധ്യമങ്ങളിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് അഡ്വ ശ്രീജിത്ത് പെരുമന പരാതി നൽകിയത്.

Tags

Share this story

From Around the Web