ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ആരോപണങ്ങള്‍ ശരിയെങ്കില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ലാത്തിചാര്‍ജിനെതിരായ ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കുകയാണ്. സമാധാനപരമായ പ്രതിഷേധത്തിന് വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടന്നു കേസ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ലാത്തിച്ചാര്‍ജ് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിന്റെ മൗനം തുടരുകയാണ്.
ജന്തര്‍ മന്തറിലെ സമരത്തിനിടെ വിദ്യാര്‍ഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങള്‍ സിജെപി ശേഖരിക്കുകയാണ്. പൊലീസ് യൂണിഫോമിലല്ലാതെ അക്രമം അഴിച്ചുവിട്ടവരെ പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും ലാത്തിയുമായി മര്‍ദിക്കാനെത്തിയതായാണ് വിവരം. നെയിം ബോര്‍ഡ് വയ്ക്കാതെ യൂണിഫോം ധരിച്ചെത്തിയവരും വിദ്യാര്‍ഥികളെ മര്‍ദിക്കുകയുണ്ടായി. ആണി തറപ്പിച്ച ലാത്തിയുമായി മര്‍ദിക്കാന്‍ എത്തിയവരെയും കണ്ടെത്താന്‍ സിജെപി ശ്രമിക്കുന്നുണ്ട്.
പ്രതിഷേധത്തിനിടെ ഏഴ് തവണ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് പെല്ലറ്റ് പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് തവണ പ്രതിഷേധക്കാര്‍ക്ക് നേരെയും രണ്ട് തവണ നിലത്തേക്കും വെടിയുതിര്‍ക്കുകയുണ്ടായി.
കൊണോട്ട് പ്ലേസില്‍ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് പ്രയോഗം നടത്തിയത്. ഈ ആക്രമണങ്ങളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഉദ്യോഗസ്ഥനെതിരെ സിആര്‍പിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സിജെപിക്ക് കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കേണ്ട അവസാന തിയതി ഇന്നാണ്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള എഫ്‌ഐആറുകള്‍ മടക്കി നല്‍കുമെന്നും ഭാവിയില്‍ ഒരുതരത്തിലുള്ള നടപടികളും ഉണ്ടാവില്ലെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിരുന്നു. ഇതാണ് രേഖാമൂലം നല്‍കേണ്ടത്. സമരം അവസാനിച്ചതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് ഉറപ്പുകളുടെ ലംഘനമെന്ന് സിജെപി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതയായി സിജെപി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന മുന്നറിയിപ്പും സിജെപി നല്‍കി.