25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്! ലഖ്നൗവില് കഫേ ഉടമ കെട്ടിടത്തില് നിന്ന് വീണുമരിച്ച സംഭവം; ഇന്ഫ്ളുവന്സര് ശ്രദ്ധ ദുബെക്കായി തിരച്ചില് ഊര്ജ്ജിതം
ലഖ്നൗ: അവധ് ഗ്രീന് അപ്പാര്ട്ട്മെന്റിന്റെ നാലാം നിലയില് നിന്ന് വീണ് കഫേ ഉടമ ശിവ ശര്മ്മ മരിച്ച സംഭവത്തില് മോഡലും സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറുമായ ശ്രദ്ധ ദുബെ ഉള്പ്പെടെയുള്ള പ്രതികള്ക്കായി ലഖ്നൗ പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി.
ഒക്ടോബര് 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടക്കത്തില് അപകടമരണമെന്ന് സംശയിച്ച സംഭവത്തില്, ശിവ ശര്മ്മയുടെ കുടുംബത്തിന്റെ പരാതിയെത്തുടര്ന്ന് പോലീസ് കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
ശിവ ശര്മ്മയുടെ ലിവിങ്-ഇന് പങ്കാളിയായ ശ്രദ്ധ ദുബെ, ഇവരുടെ സഹോദരി, ഡ്രൈവര് എന്നിവരെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് ലഖ്നൗ പോലീസ് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിവിലുള്ള പ്രതികളെ പിടികൂടാന് ആറ് പ്രത്യേക പോലീസ് ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
ശിവ ശര്മ്മയെ തടഞ്ഞുവെച്ച് ക്രൂരമായി മര്ദ്ദിച്ച ശേഷം കെട്ടിടത്തിന് മുകളില് നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് മാതാവ് രഞ്ജനാ ശര്മ്മ പോലീസില് നല്കിയ പരാതിയില് ആരോപിക്കുന്നത്.
താടിയെല്ല്, കണ്ണുകള്, വാരിയെല്ലുകള്, കാല് എന്നിവയ്ക്ക് ഗുരുതരമായ ഒടിവുകളും ശരീരത്തില് സിഗരറ്റ് കൊണ്ടു പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ 4-5 മാസമായി ശ്രദ്ധ ദുബെ ശിവ ശര്മ്മയെ നിരന്തരം പീഡിപ്പിക്കുകയും കള്ളക്കേസില് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു.
ആരാണ് ശ്രദ്ധ ദുബെ?
കേസിലെ പ്രധാന പ്രതിയായ ശ്രദ്ധ ദുബെ ഫാഷന് ബ്ലോഗിങ്, മോഡലിങ്, ഫാഷന് ഷോകള് എന്നിവയിലൂടെ സോഷ്യല് മീഡിയയില് ശ്രദ്ധേയയായ വ്യക്തിയാണ്.
കമ്പ്യൂട്ടര് ആപ്ലിക്കേഷനില് ബിരുദാനന്തര ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും പൂര്ത്തിയാക്കിയിട്ടുള്ള ഇവര് ഹൈദരാബാദിലാണ് മോഡലിംഗ് കരിയര് ആരംഭിച്ചത്. പിന്നീട് ലഖ്നൗ കേന്ദ്രീകരിച്ച് സജീവമായി പ്രവര്ത്തിക്കുകയായിരുന്നു.
ഇന്സ്റ്റഗ്രാമില് ലക്ഷക്കണക്കിന് ആരാധകരുള്ള ശ്രദ്ധ, 2019 ഫെബ്രുവരിയില് 'സീ മ്യൂസിക് കമ്പനി' പുറത്തിറക്കിയ പ്രശസ്തമായ ഒരു മ്യൂസിക് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്. സംഭവത്തില് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.