പോളണ്ടിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പാപ്പായെ സന്ദര്‍ശിച്ചു

വത്തിക്കാന്‍: പാപ്പായും പോളണ്ടിന്റെ പ്രസിഡന്റ് അന്ത്രെയ് ദൂതയും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ലിയൊ പതിനാലാമന്‍ പാപ്പായും പ്രസിഡന്റ് ദൂതയും തമ്മിലുള്ള കൂടിക്കാഴ്ച വത്തിക്കാനില്‍ വ്യാഴാഴ്ച ആയിരുന്നു. പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താവിതരണകാര്യാലയം ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
2015 ആഗ്സ്റ്റ് 6 മുതല്‍ പോളണ്ടിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹത്തിന്റെ രണ്ടാം വട്ട ഭരണകാലാവധിയും അവസാനിക്കാറായിരിക്കുകയാണ്. പോളണ്ടില്‍ ഒരാള്‍ക്ക് കൂടിവന്നാല്‍ രണ്ടുവട്ടം മാത്രമെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുകയുള്ളു. ആകയാല്‍, പോളണ്ടിന്റെ, സ്ഥാനമൊഴിയുന്ന പ്രസിഡന്റാണ് ദൂത. പുതിയ പ്രസിഡന്റായി ഇക്കഴിഞ്ഞ മെയ് 18, ജൂണ്‍ എന്നീ തീയതികളിലായി നടന്ന രണ്ടുവട്ട തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞടുക്കപ്പെട്ടിരിക്കുന്നത് കരോള്‍ തദ്ദേവൂസ് നവ്രോത്സ്‌കിയാണ്.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്റ് അന്ത്രെയ് ദൂത വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിന്റെ കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ എന്നിവരുമായി സൗഹൃദ സംഭാഷണം നടത്തി.
പരിശുദ്ധസിംഹാസനവും പോളണ്ടും തമ്മിലുള്ള ഉറച്ച ഉഭയക്ഷിബന്ധങ്ങളില്‍ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും പോളണ്ടിലെ സാമൂഹ്യ-രാഷ്ട്രീയാവസ്ഥയെയും ഉക്രൈയിന്‍ യുദ്ധം പോലെ അന്താരാഷ്ട്രപ്രാധാന്യമുള്ള വിഷയങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.