യൂറോപ്പില്‍ ഏറ്റവും കൂടുതലാളുകള്‍ പൗരോഹിത്യം സ്വീകരിക്കുന്നത് പോളണ്ടില്‍

വാര്‍സോ/പോളണ്ട്: രൂപതാ വൈദികരായി 141 പേരും വിവിധ സന്യാസ സഭകള്‍ക്കുവേണ്ടി 67 പേരും പൗരോഹിത്യം സ്വീകരിക്കുന്ന പോളണ്ട് ഈ വര്‍ഷം ഏറ്റവും കൂടുതലാളുകള്‍ പൗരോഹിത്യം സ്വീകരിക്കുന്ന യൂറോപ്യന്‍ രാജ്യമാകും.
ഏറ്റവും കൂടുതല്‍ പുതിയ വൈദികര്‍ ഈ വര്‍ഷം അഭിഷിക്തരാകുന്നത് പോളണ്ടിന്റെ തെക്ക് ഭാഗത്തുള്ള ടാര്‍നോവ് രൂപതയില്‍ നിന്നാണ് 13 പേര്‍. കത്തോലിക്കരുടെ ജനസംഖ്യയില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ അതിരൂപതയായ വാര്‍സോ അതിരൂപതയില്‍ നിന്ന് 12 വൈദികര്‍ അഭിഷിക്തരാകും.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബിഷപ്പായി സേവനമനുഷ്ഠിച്ച ക്രാക്കോവ് അതിരൂപതയില്‍ നിന്ന് ഏഴുപേരാണ് ഈ വര്‍ഷം വൈദികപട്ടം സ്വീകരിക്കുന്നത്.
സന്യാസ സഭകള്‍ക്ക് വേണ്ടി 67 പേരാണ് വൈദികരായി അഭിഷിക്തരാകുന്നത്. 1625-ല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പേര്‍ വൈദികപട്ടം സ്വീകരിക്കുന്നത് എട്ട് പേര്‍. ഡൊമിനിക്കന്‍ സഭയ്ക്ക് വേണ്ടിയും ഫ്രാന്‍സിസ്‌കന്‍ സഭയ്ക്ക് വേണ്ടി നാല് പേര്‍ വീതം അഭിഷിക്തരാകും.
2021-ലെ സെന്‍സസ്പ്രകാരം പോളണ്ടിലെ ജനസംഖ്യയുടെ 71.4 ശതമാനം പേര്‍ കത്തോലിക്ക വിശ്വാസികളാണ്. ക്രൈസ്തവേതര മതവിശ്വാസികളുടെ സംഖ്യ തുച്ഛമായ ഈ രാജ്യത്ത് 21 ശതമാനം പേര്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചവരാണ്.
യഥാര്‍ത്ഥത്തില്‍ കത്തോലിക്ക വിശ്വാസികളുടെ അനുപാതം കൂടുതലായിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. കൂദാശ ആചരണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പോളണ്ടിലെ 97 ശതമാനം കത്തോലിക്കരും വര്‍ഷത്തില്‍ ഒന്നിലധികം തവണ കുമ്പസാരത്തിന് പോകുന്നുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു.