കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി; ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍, ശിക്ഷ റദ്ദാക്കാന്‍ കോടതിയെ സമീപിച്ച് എന്‍ജിനിയര്‍
കാലിഫോര്‍ണിയ: സഹപ്രവര്‍ത്തകയുടെ കുടിവെള്ളത്തിലും ഭക്ഷണത്തിലും കാഡ്മിയം കലര്‍ത്തിയ കേസില്‍ കുറ്റക്കാരനാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെമിക്കല്‍ എന്‍ജിനിയര്‍ ഡേവിഡ് സൂ കോടതിയെ സമീപിച്ചു. ബെര്‍ക്ക്ലി എന്‍ജിനിയറിങ് ആന്‍ഡ് റിസര്‍ച്ചില്‍ ജോലി ചെയ്തിരുന്ന റോങ് യുവാനാണ് വിഷം നല്‍കിയതെന്നാണ് കേസ്. 2017 മുതല്‍ 2019 വരെ ഏകദേശം 18 മാസത്തോളം യുവാന്റെ ഭക്ഷണത്തിലും കുടിവെള്ളത്തിലും വിഷം കലര്‍ത്തിയെന്നാണ് ആരോപണം. വിഷം കലര്‍ത്തുന്ന ദൃശ്യങ്ങള്‍ യുവതി രഹസ്യ ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി അലട്ടിയതോടെയാണ് തന്റെ ശരീരത്തില്‍ വിഷം എത്തിയതായി യുവാന്‍ സംശയിച്ചത്. തുടര്‍ന്ന് 2019ല്‍ ഓഫിസിലെ മേശപ്പുറത്ത് രഹസ്യ ക്യാമറ സ്ഥാപിച്ചു. ഇതില്‍ ഡേവിഡ് കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതോടെ യുവതി പൊലീസില്‍ പരാതി നല്‍കി. കേസില്‍ ഈ ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായി. യുവാന്റെ ആരോഗ്യനില മോശമായപ്പോള്‍ ഡേവിഡ് ആശങ്ക പ്രകടിപ്പിക്കുകയും ജോലിസ്ഥലത്തെ പൂപ്പലായിരിക്കാം രോഗത്തിന് കാരണമെന്ന് പറയുകയും ചെയ്തതായി സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിരുന്നു. 2018 നവംബര്‍ 27ന് കടുത്ത ഛര്‍ദ്ദിയുണ്ടെന്ന് യുവാന്‍ അറിയിച്ചപ്പോള്‍ സുഖം പ്രാപിക്കുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഡേവിഡ് നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ കണ്ടപ്പോഴുള്ള അനുഭവം വിവരിച്ച യുവാന്‍, ''എന്റെ രക്തം തണുത്തുറഞ്ഞുപോയി'' എന്നു പ്രതികരിച്ചിരുന്നു. മരണത്തെ വളരെ അടുത്ത് കണ്ടെന്നും ഡേവിഡിനെ വെറുതെ വിടാനാവില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2019 മാര്‍ച്ചില്‍ വധശ്രമം, വിഷം നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡേവിഡിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 20 ലക്ഷം യുഎസ് ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങി. 2023 അവസാനത്തോടെ അന്നത്തെ അലമേഡ കൗണ്ടി ജില്ലാ അറ്റോര്‍ണിയുമായി ഒത്തുതീര്‍പ്പ് കരാറിലെത്തിയ ഡേവിഡ്, വധശ്രമക്കുറ്റങ്ങള്‍ ഒഴിവാക്കി വിഷം നല്‍കിയെന്ന ഒറ്റ ക്രിമിനല്‍ കുറ്റം മാത്രം നിലനിര്‍ത്തണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ നിരീക്ഷണകാല ശിക്ഷയാണ് വിധിച്ചത്. തനിക്കുണ്ടായ ദുരിതങ്ങള്‍ക്ക് ഏകദേശം അഞ്ച് ലക്ഷം യുഎസ് ഡോളര്‍ നഷ്ടപരിഹാരം യുവാന്‍ ആവശ്യപ്പെട്ടെങ്കിലും 7,058 ഡോളര്‍ നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
2026 മാര്‍ച്ചില്‍ നിരീക്ഷണകാല ശിക്ഷ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് തന്റെ കുറ്റവിധി ഔദ്യോഗികമായി റദ്ദാക്കണമെന്ന ആവശ്യവുമായി ഡേവിഡ് രംഗത്തെത്തിയത്. കലിഫോര്‍ണിയയിലെ കുറ്റവിധി റദ്ദാക്കല്‍ നിയമപ്രകാരം നിരീക്ഷണകാലം പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകാം. എന്നാല്‍ സഹപ്രവര്‍ത്തകയുടെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണവും അതിന്റെ ദൃശ്യതെളിവുകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡേവിഡിന്റെ അപേക്ഷ. കുറ്റവിധി റദ്ദാക്കണമെന്ന ആവശ്യത്തില്‍ കോടതി സ്വീകരിക്കുന്ന നിലപാടാണ് ഇനി നിര്‍ണായകം.