മോദിയുടെ വിദേശയാത്ര: ചെലവായത് 295 കോടി രൂപ; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ ചെലവ് കണക്കുകള്‍ പുറത്ത്. 2021 മുതല്‍ 2024 വരെ നടത്തിയ വിദേശയാത്രകൾക്ക് ചെലവായത് 295 കോടി രൂപ. ഇതിനു പുറമെ 2025ൽ അഞ്ചു രാജ്യങ്ങളിലേക്ക് നടത്തിയ വിദേശയാത്രകൾക്ക് പുറമേ 67 കോടി രൂപ ചെലവാക്കിയതായും കേന്ദ്രസർക്കാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ചെലവുകൾ സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ് നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത്. 2021 മുതൽ 2024 വരെ നരേന്ദ്രമോദി വിദേശയാത്രകൾക്കായി ചെലവഴിച്ചത് 295 കോടി രൂപ. 2023 ൽ അമേരിക്കൻ സന്ദർശനത്തിന് മാത്രം 22 കോടി, ഈജിപ്ത് സന്ദർശനത്തിൽ പ്രചാരണത്തിനും പരസ്യത്തിനുമായി മാത്രം ചെലവഴിച്ചത് 12 ലക്ഷം. അതേസമയം മൗറീഷ്യസ്, കാനഡ, ക്രൊയേഷ്യ, ഘാന, ട്രിനിഡാഡ്, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയുടെ ചെലവ് വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.
2025ൽ ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിന് പുറമേ 67 കോടി രൂപയോളം ചെലവായതായും കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023 മാർച്ച് 20ന് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട കണക്കുകളും രാജ്യസഭയിൽ പങ്കുവെച്ചിരുന്നു. അതനുസരിച്ച് 2022മെയ് മുതൽ 24 ഡിസംബർ വരെ ഏകദേശം 258 കോടി രൂപ ചെലവായി. 2025 ജൂണിൽ മാത്രം 8 വിദേശരാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത്. കഴിഞ്ഞദിവസം യു കെ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി മാലിദ്വീപിൽ സന്ദർശനം തുടരുന്നതിനിടെയാണ് കോടിക്കണക്കിന് രൂപയുടെ ചെലവ് വിവരങ്ങൾ സർക്കാർ പുറത്തുവിടുന്നത്.