പ്ലസ് വൺ ഏകജാലക പ്രവേശനം നാളെ മുതൽ; മലബാറിൽ 53,164 സീറ്റുകളുടെ കുറവ്, പരിഹരിക്കാൻ താൽക്കാലിക ബാച്ചുകൾ
കോട്ടയം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക നടപടികള്‍ നാളെ തുടങ്ങും.. മധ്യകേരത്തിൽ അനായാസം പ്ലസ് വണ്‍ പ്രവേശനം നേടാം. മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് ഇത്തവണ ഇഷ്ട ഗ്രൂപ്പുകളും ഇഷ്ട സ്‌കൂളുകളും ലഭിക്കാനുള്ള സാധ്യതയും വിദ്യാഭ്യാസ നിരീക്ഷകർ കാണുന്നു. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഏഴായിരത്തോളം പ്ലസ് വണ്‍ സീറ്റുകളുടെ ഒഴിവാണ് കഴിഞ്ഞ തവണ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കുറി കോട്ടയത്ത് ഉപരിപഠനത്തിനു യോഗ്യത നേടിയവരേക്കാള്‍ 4925 സീറ്റുകള്‍ ജില്ലയില്‍ അധികമായി ഉണ്ട്. മെറിറ്റ് സീറ്റുകള്‍ മാത്രം 13606 എണ്ണമുണ്ട്.
ജില്ലയില്‍ ആകെയുള്ള പ്ലസ് വണ്‍ സീറ്റുകള്‍ 21964 ആയിരിക്കേ, 17039 കുട്ടികള്‍ മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹരായത്. ഉപരിപഠനത്തിന് അര്‍ഹരായവരില്‍ ഒരു വിഭാഗം പോളിടെക്‌നിക്, ഐ.ടി.ഐ,വിവിധ തൊഴിലധിഷ്ടിധ കോഴ്‌സുകള്‍, കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എന്നിവയിലേക്കു ചേക്കേറുമെന്നിരിക്കേ സീറ്റുകള്‍ പിന്നെയും മിച്ചമാകും. അയല്‍ ജില്ലകളില്‍ കുട്ടികള്‍ എത്തിയാലും സുഗമമായി പ്ലസ് വണ്‍ പ്രവേശനം സാധ്യമാകും.
ആകെയുള്ള മെറിറ്റ് സീറ്റുകളില്‍ 7990 എണ്ണം സയന്‍സും 2572 എണ്ണം ഹ്യുമാനീറ്റീസും 3044 എണ്ണം കൊമേഴ്‌സുമാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 424 സീറ്റുകളുള്ളതില്‍ 250 എണ്ണം സയന്‍സും 78 ഹ്യുമാനിറ്റീസും 96 കൊമേഴ്‌സുമാണ്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞതും ഇഷ്ട ബാച്ചുകള്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു സഹായകരമാകും.
സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പത്താം ക്ലാസ് പൂര്‍ത്തിയായവരില്‍ ഭൂരിഭാഗവും അതേ സ്‌കൂളുകളില്‍ തന്നെ പ്ലസ് വണ്ണിനും ചേരാന്‍ താത്പര്യപ്പെടുന്നതും സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണമായേക്കും.
പക്ഷേ, മലബാറില്‍ ഇത്തവണയും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാകും. മലപ്പുറത്താണ് സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഇവിടെ നിലവില്‍ 26,137 സീറ്റുകളുടെ കുറവാണ് ഉള്ളത്. പാലക്കാട് 9,324 സീറ്റിന്‍റ കുറവുമുണ്ട്. മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് ജില്ലകളിലായി 53,164 സീറ്റിന്‍റെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സീറ്റ് ക്ഷാമം കുറക്കാന്‍ 352 താല്‍ക്കാലിക ബാച്ച് നിലനിര്‍ത്താന്‍ ധാരണയായിട്ടുണ്ട്. ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 352 താല്‍ക്കാലിക ബാച്ചുകളില്‍ 314 ബാച്ചുകളും മലബാറിന് അനുവദിച്ചതാണ്. 45 കുട്ടികള്‍ ഇരിക്കേണ്ട ക്സാസുകളില്‍ നിലവില്‍ 60 വരെ കുട്ടികളുണ്ട്. ഇത് പഠന നിലവാരത്തേയും പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകളും ഉണ്ട്.