പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സീറ്റുകള്‍ കുറവുള്ള വടക്കന്‍ ജില്ലകളില്‍ അധിക സീറ്റുകള്‍ അനുവദിക്കും
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനം. അധിക സീറ്റുകള്‍ അനുവദിക്കും.
സീറ്റുകള്‍ കുറവുള്ള വടക്കന്‍ ജില്ലകളിലാണ് സീറ്റുകള്‍ അനുവദിച്ചത്. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ അധ്യയന വര്‍ഷം അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് പ്രധാനമായും സീറ്റുകളുടെ കുറവുള്ളത്. ഈ ജില്ലകളില്‍ ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ ഉള്‍പ്പെടെ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.
ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പ്ലസ് വണ്‍ ഏകജാലക പ്രവേശന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
നിലവില്‍ ഒരു ജില്ലയില്‍ നിന്ന് ജയിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അതേ ജില്ലയില്‍ തന്നെ പ്ലസ് വണ്‍ സീറ്റ് ലഭ്യമാക്കുന്നതില്‍ ചില അപര്യാപ്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു.
ഇത് സംസ്ഥാനത്തെ പൊതുവായ സാഹചര്യമല്ലെന്നും ചില പ്രത്യേക ജില്ലകളില്‍ മാത്രമാണ് കുട്ടികള്‍ക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് സീറ്റുകള്‍ ലഭിക്കാത്ത അവസ്ഥയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാതലത്തിലും താലൂക്ക് തലത്തിലുമുള്ള സീറ്റുകളുടെ ലഭ്യത പരിശോധിച്ചാണ് പുതിയ ബാച്ചുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുക.
അതേസമയം, സംസ്ഥാനത്തെ അണ്‍-എയ്ഡഡ് മേഖലയിലുള്ള ഭൂരിഭാഗം സീറ്റുകളും നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും മലയോര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മന്ത്രി സഭയില്‍ അറിയിച്ചു.