മുടിവെട്ടാന്‍ കാത്തിരിക്കാതെ കളിച്ചു; 82 കുട്ടികളുടെ തല പാതി മൊട്ടയടിച്ച് സ്‌കൂള്‍ അധികൃതരുടെ ക്രൂരത
ന്യൂഡല്‍ഹി: മുടിവെട്ടാന്‍ കാത്തിരിക്കാതെ കളിക്കാന്‍ പോയെന്നാരോപിച്ച് 82 വിദ്യാര്‍ഥികളുടെ തല പാതി മൊട്ടയടിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലെ ജംബുള്‍ഘട്ടിലുള്ള ഗവ. സെക്കന്‍ഡറി ആശ്രമം സ്‌കൂളിലാണ് സംഭവം.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഹെയര്‍ കട്ട് സെക്ഷനിടെയായിരുന്നു സംഭവം. മുടിവെട്ടാന്‍ വരാതെ വിദ്യാര്‍ഥികള്‍ കളിക്കുന്നത് കണ്ട് ദേഷ്യപ്പെട്ട സ്‌കൂള്‍ സൂപ്രണ്ട്, കുട്ടികളുടെ തലമുടി പകുതി മാത്രം വെട്ടാന്‍ ബാര്‍ബര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ട്രിമ്മര്‍ കൊണ്ട് കുട്ടികളുടെ തലമുടിയുടെ പകുതി ഭാഗം മാത്രം മൊട്ടയടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളുള്‍പ്പെടെ ഇടപെടുകയും പ്രതിഷേധിക്കുകയും ചെയ്തതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. രക്ഷിതാക്കളുടെ പ്രതിഷേധം കടുത്തതോടെ വിദ്യാര്‍ഥികളുടെ മുടി പൂര്‍ണമായും വെട്ടി അധിതൃതര്‍ ഒരേപോലെയാക്കി പ്രശ്‌നം ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ന്യായീകരണവുമായി സ്‌കൂള്‍ സൂപ്രണ്ടായ പ്രശാന്ത് മേശ്രാം രംഗത്തെത്തി. കുട്ടികളുടെ നന്മയ്ക്കാണ് ഇത് ചെയ്തതെന്നും മറ്റൊരു ഉദ്ദേശ്യവും പിന്നിലില്ലെന്നുമാണ് ഇയാളുടെ വാദം.
മഴ കാരണം കുറച്ചുകാലമായി കുട്ടികള്‍ക്ക് മുടി വെട്ടാന്‍ സാധിച്ചിരുന്നില്ലെന്നും ഇതുകാരണം പലര്‍ക്കും വൃത്തിയില്ലായിരുന്നെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ഇയാളുടെ മറുപടി.
നിലവില്‍ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ വെറുമൊരു കാരണം കാണിക്കല്‍ നോട്ടീസ് കൊണ്ടുമാത്രം ഇത് ഒതുങ്ങില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.