കടലിലെ പ്ലാസ്റ്റിക് വില്ലനായി; കോഴിക്കോട് കരയ്ക്കടിഞ്ഞ ഭീമൻ ഡോൾഫിന്റെ വയറ്റിൽ കണ്ടെത്തിയത് 2 കിലോ പ്ലാസ്റ്റിക് വല!
Jul 5, 2026, 18:50 IST
കോഴിക്കോട് സൗത്ത് ബീച്ചിൽ കോതിറോഡ് കണ്ണംപറമ്പ് പള്ളിക്ക് സമീപം നാലടിയോളം നീളവും 200 കിലോയോളം ഭാരവുമുള്ള ഒരു ഭീമൻ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. കടലിലെ പ്ലാസ്റ്റിക് മലിനീകരണം കടൽ ജീവികളുടെ ജീവന് എത്രത്തോളം ഭീഷണിയാകുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ചീഫ് വെറ്ററിനറി സർജൻ ഡോ. കെ.എം. സജിത് ലാലിന്റെ നേതൃത്വത്തിൽ ഡോൾഫിന്റെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥർ പോലും ഞെട്ടിയ ആ കാഴ്ച കണ്ടത്.
ഡോൾഫിന്റെ വയറ്റിൽ നിന്നും ശ്വാസകോശത്തിൽ നിന്നുമായി രണ്ട് കിലോയോളം തൂക്കം വരുന്ന പ്ലാസ്റ്റിക് വലയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ശ്വാസകോശത്തില്‍ വലയുടെ ഭാഗങ്ങള്‍ കുടുങ്ങിയത് മരണ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.