പുതുവർഷത്തിൽ സംസ്ഥാനത്തെ എല്ലാ ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പാക്കും
കോട്ടയം: പുതുവർഷത്തിൽ സംസ്ഥാനത്തെ എല്ലാ ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പാക്കും.
പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം, വാങ്ങുമ്പോള്‍ 20രൂപ ഡിപ്പോസിറ്റായി അധികം വാങ്ങും. കാലിക്കുപ്പി സംസ്ഥാനത്തെ ഏതു മദ്യക്കടയിലും തിരിച്ചേല്‍പ്പിക്കാം.
20രൂപ തിരികെ ലഭിക്കും. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതം ബവ്കോ ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനത്താകെയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ തിരിച്ചെത്തിയത് 33,17,228 പ്ലാസ്റ്റിക് മദ്യക്കുപ്പികളാണെന്നു ബെവ്കോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഏകദേശം 80 ടണ്ണിലധികം തൂക്കം വരുന്ന ഈ കുപ്പികൾ പുനർ സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയാണ് ശേഖരിച്ചത്.
ജലാശയങ്ങളിൽ അടക്കം പാസ്റ്റിക് മാലിന്യങ്ങൾ കുന്ന് കൂടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബെവ്കോ പദ്ധതി നടപ്പിലാക്കിയത്.
കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം ഔട്ട്ലെറ്റുകളിലാണ് പദ്ധതിയ്ക്ക് ബെവ്കോ തുടക്കമിട്ടത്.
2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10വരെയുള്ള കാലയളവിൽ കണ്ണൂരിലെ ഔട്ട്ലെറ്റുകളിൽ തിരിച്ചെത്തിയത് 15,86,833 പ്ലാസ്റ്റിക് കുപ്പികളാണ്.
38.835.16 കിലോ കുപ്പികളാണ് ഇങ്ങനെ തിരിച്ചെത്തിയത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയത് 42,028.34 കിലോ തൂക്കം വരുന്ന 17,30,395 കുപ്പികളാണ്.
കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത് പയ്യന്നൂർ ഔട്ട്ലെറ്റിലാണ്. 5585.8 കിലോ കുപ്പികളാണ് ഇവിടെ തിരിച്ചെത്തിയത്.
തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത് മുക്കോല ഔട്ട്ലെറ്റിലാണ്. 6101.14 കിലോ കുപ്പികളാണ് ഇവിടെ തിരിച്ചെത്തിയത്
പദ്ധതി സംസ്ഥാന വ്യാപകമായ നടപ്പാക്കുന്നതോടെ മാലിന്യ പ്രശ്നം ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥനത്തെ ജലസ്രോതസുകൾ ഉൾപ്പടെ മലിനമാക്കുന്നതിൽ പ്ലാസ്റ്റിക് മദ്യക്കുപ്പികൾക്ക് വലിയ പങ്കുണ്ട്. മദ്യപിച്ച ശേഷം പൊതുയിടങ്ങളിൽ കുപ്പി വലിച്ചെറിയുന്നത് മദ്യപൻമാരുടെ പൊതുശീലമാണ്.