സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ ആലോചന; രാവിലെ 11 മുതല്‍ രാത്രി 11 വരെ

 
BAR



തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിലുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി പഴയതുപോലെ രാവിലെ 11 മുതല്‍ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം. 


പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുമായുള്ള ചര്‍ച്ചകള്‍ ഈ മാസം 23 മുതല്‍ 28 വരെ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായാണ് ബാറുകളുടെ സമയം കുറയ്ക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലേക്ക് വന്നത്. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 12 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം.


എന്നാല്‍, ഈ സമയക്രമം ജീവനക്കാര്‍ക്ക് കടുത്ത ജോലിഭാരം ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാര്‍ തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.അതേസമയം, രാത്രി വൈകി ബാറുകള്‍ അടച്ച് മടങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയോളമാകുമെന്നും, ഇത് തങ്ങളുടെ ആരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ പരാതി.


കൂടാതെ, ബാറുകളുടെ സമയം രാത്രി 12 മണി വരെ നീട്ടിയതിന് ശേഷം ബാറുകള്‍ കേന്ദ്രീകരിച്ച് ക്രമസമാധാന പ്രശ്‌നങ്ങളും അടിപിടികളും കൊലപാതകങ്ങളും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതായി ആഭ്യന്തര വകുപ്പും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ക്രൈസ്തവ സംഘടനകള്‍ ഉള്‍പ്പെടെയുള്ള വിവിധ സമുദായ സംഘടനകളും സമയം വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭിപ്രായം കേട്ട ശേഷം മുന്നണിതലത്തിലും പാര്‍ട്ടിക്കുള്ളിലും ചര്‍ച്ച നടത്തി മാത്രമായിരിക്കും മദ്യനയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

 ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്നതിനൊപ്പം, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന അനുവദിക്കുന്നതും മദ്യനികുതി ഘടനയില്‍ മാറ്റം വരുത്തുന്നതും ഉള്‍പ്പെടെ പുതിയ മദ്യനയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.

Tags

Share this story

From Around the Web