വിമാനങ്ങള്‍ സമാധാനത്തിന്റെ വാഹകരാകണം: ലിയോ പാപ്പാ

 
leo papaa



വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായുടെ കാലം മുതല്‍, പരിശുദ്ധ പിതാക്കന്മാരുടെ യാത്രകള്‍ക്ക്, അന്ന് നിലവിലുണ്ടായിരുന്ന അലിത്താലിയ തുടര്‍ന്ന് ഇത്താ  എന്നീ ഇറ്റാലിയന്‍ വിമാനക്കമ്പനികളുടെ സേവനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇക്കാര്യം എടുത്തുപറഞ്ഞുകൊണ്ടും, വരാനിരിക്കുന്ന തന്റെ ആഫ്രിക്കന്‍ യാത്രയ്ക്ക് ദൈവം അനുവദിച്ചാല്‍ വീണ്ടും ഈ വിമാനക്കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന ശുഭാപ്തിവിശ്വാസം അടിവരയിട്ടുകൊണ്ടുമാണ് ഇറ്റാലിയന്‍ വിമാന കമ്പനിയായ ഇറ്റാ എയര്‍വേയ്‌സിന്റെ പ്രതിനിധികളെയും, ലുഫ്താന്‍സ ഗ്രൂപ്പില്‍  നിന്നുള്ള പ്രതിനിധി സംഘത്തെയും ലിയോ പതിനാലാമന്‍ പാപ്പാ സ്വകാര്യകൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിച്ചത്.

യോഗ്യതയുള്ളവരും പരിചയസമ്പന്നരുമായ പ്രൊഫഷണലുകള്‍ക്ക് പുറമേ, ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിവുള്ള ആളുകളുടെ സാന്നിധ്യമാണ് ഈ വിമാനത്തിലുള്ള യാത്രയില്‍ തന്നെയും, തന്റെ മുന്‍ഗാമികളെയും ഏറെ സംതൃപ്തിപ്പെടുത്തിയതെന്നും, ഇത് ഒരു കുടുംബാന്തരീക്ഷം യാത്രയിലുടനീളം നിലനിര്‍ത്തുവാന്‍ സഹായകരമായെന്നും പറഞ്ഞ പാപ്പാ, അവര്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു. 

നാം ജീവിക്കുന്ന കാലഘട്ടം കൂടുതല്‍ അനിവാര്യമാക്കുന്ന ഈ ശ്രദ്ധയും, കരുതലും ഇനിയും തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സമകാലിക കാലഘട്ടത്തില്‍ പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍,  അപ്പസ്‌തോലിക യാത്രകളില്‍, പാപ്പാ  എല്ലാവര്‍ക്കും സമാധാനത്തിന്റെ സന്ദേശവാഹകനായിട്ടാണ് കടന്നുചെല്ലുന്നത്. 

ഇത്തരുണത്തില്‍ അദ്ദേഹം സഞ്ചരിക്കുന്ന വിമാനങ്ങളും,  സംഭാഷണം, കണ്ടുമുട്ടലുകള്‍, സാഹോദര്യം എന്നീ മൂല്യങ്ങളുടെ പാലങ്ങള്‍ ഒരുക്കുന്ന യാത്രയില്‍ സമാധാനത്തിന്റെ വാഹകരാകണമെന്നു അടിവരയിട്ടു പറഞ്ഞു.

യുദ്ധങ്ങള്‍ക്ക് വേണ്ടി വിമാനങ്ങള്‍ ഉപയോഗപ്പെടുത്തരുതെന്നു പറഞ്ഞ പാപ്പാ, ഇരുപതാം നൂറ്റാണ്ടിലെ ദാരുണമായ അനുഭവങ്ങള്‍ക്കുശേഷം, വ്യോമാക്രമണം എന്നെന്നേക്കുമായി നിരോധിക്കേണ്ടതായിരുന്നുവെങ്കിലും, ഇന്നും അത് തുടരുന്നത് പരിതാപകരമാണെന്നതും ഓര്‍മ്മപ്പെടുത്തി. ഇരു വിമാനകമ്പനികള്‍ക്കും, അംഗങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കും പാപ്പാ ആശംസകളും നേര്‍ന്നു.

Tags

Share this story

From Around the Web