ഭരണത്തിന്റെ നിയന്ത്രണം മതസംഘടനകളും മതമൗലികവാദ സംഘടനകളും ഹൈജാക്ക് ചെയ്യുകയാണെന്നു പി.കെ കൃഷ്ണദാസ്. മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തവര്‍ കപിക്കാടിനെതിരായിട്ട് കേസെടുത്തിട്ടില്ല
 

 
KRISHANA DAS

കോട്ടയം: സംസ്ഥാനത്തിന്റെ ഭരണത്തിന്റെ നിയന്ത്രണം മതസംഘടനകളും മതമൗലികവാദ സംഘടനകളും ഹൈജാക്ക് ചെയ്യുകയാണെന്നു ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. ഇതുപോലൊരു അപകട രാഷ്ട്രീയം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

രാഷ്ട്രീയ നേതൃത്വത്തെ വരുതിയിലാക്കുക,അതുവഴി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുക എന്ന തന്ത്രമാണ് കേരളത്തില്‍ ഇന്നു മതസംഘടനകളും മതമൗലികവാദ സംഘടനകളും നടത്തുന്നത്. ഇത്തരം അപകട രാഷ്ട്രീയം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.

കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ സ്ത്രീ വിരുദ്ധ വിവാദ പ്രസംഗം അതെപോലെ നിലനില്‍ക്കുകയാണ്. അദ്ദേഹമോ അദ്ദേഹത്തിന്റെ സംഘടനയോ അതില്‍ നിന്ന് പിന്മാറിയിട്ടില്ല. മാത്രമല്ല, അതിനോട് ചേര്‍ന്നുനില്‍ക്കാനും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് തയ്യാറാകുന്നു. മറ്റ് പല മതസംഘടനകളും ഐക്യദാര്‍ഢ്യവുമായി രംഗത്തു വരുന്നു.

മാത്രമല്ല, അതിനോട് പ്രതികരിച്ചിട്ടുള്ള മുഖ്യമന്ത്രിയെ സമസ്ത ഇ.കെ. വിഭാഗം ഭീഷണിപ്പെടുത്തുകയാണ്. സമസ്ത ഇ.കെ. വിഭാഗം എന്ന് പറയുന്നതു മുസ്ലിം ലീഗാണ്. സമസ്ത ഇ.കെ. വിഭാഗത്തിലൂടെ പുറത്തുവന്നിരിക്കുന്നത് മുസ്ലിം ലീഗിന്റെ ശബ്ദമാണ്. അവര്‍ പറഞ്ഞത് 'മര്യാദയ്ക്ക് സംസാരിക്കണം' എന്നാണ്.

കേരളത്തിന്റെ ഭരണത്തിന്റെ തലവനായ മുഖ്യമന്ത്രിയോട് ഒരു മതസംഘടന പറയുന്നു, നിങ്ങള്‍ മര്യാദയ്ക്ക് സംസാരിക്കണം എന്ന്. ഇതിനപ്പുറത്ത് ഭീഷണി എന്താ ഉള്ളത്.

അപ്പോഴും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയോട് പ്രതിഷേധവുമില്ല. പക്ഷേ ജനാധിപത്യപരമായിട്ട് ആ പ്രസ്താവനയോട് പ്രതിഷേധിച്ച ഒരു മാധ്യമപ്രവര്‍ത്തക കൊടുത്ത കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

പക്ഷേ, അപര്‍ണ്ണ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ചു എന്ന് മാത്രമല്ല, അവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നു.

അപ്പോള്‍ മതമൗലികവാദികള്‍ക്കെതിരെ ഏതെങ്കിലും മാധ്യമം, ഏതെങ്കിലും മാധ്യമപ്രവര്‍ത്തക ശബ്ദിച്ചാല്‍ അവര്‍ക്ക് ഈ അനുഭവമാണ് ഉണ്ടാവുക എന്നുള്ള ശക്തമായ താക്കീതല്ലേ ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്. കേരളം താലിബാനിസത്തിലേക്കാണ് പോവുന്നത്.

അപര്‍ണ്ണക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശബരിമലയില്‍ ഭഗവാന്‍ അയ്യപ്പനെ പരസ്യമായിട്ട് അവഹേളിച്ച സണ്ണി എം കപിക്കാടിനെതിരായിട്ട് ഒരു കേസ്, പെറ്റി കേസ് പോലും ആഭ്യന്തര വകുപ്പ് രജിസ്റ്റര്‍ ചെയ്തില്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Tags

Share this story

From Around the Web