പിണറായി വിജയന് കുരുക്ക്; മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിക്ക് കത്ത് നല്‍കി
സിഎംആര്‍എല്‍-എക്‌സാ ലോജിക് മാസപ്പടി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ പി.എ. മുഹമ്മദ് റിയാസ്, അദ്ദേഹത്തിന്റെ ഭാര്യയും എക്‌സാ ലോജിക് ഉടമയുമായ വീണാ ടി. എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഔദ്യോഗികമായി കത്തയച്ചു.
പി.എം.എല്‍.എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്) വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസ രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ ഇടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
സെക്ഷന്‍ 66(2) പ്രകാരമാണ് ഇ.ഡി ഡി.ജി.പിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെയാണ് അന്വേഷണ ഏജന്‍സി പോലീസിന് കൈമാറിയിട്ടുള്ളത്.
കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും സേവനങ്ങള്‍ നല്‍കാതെ വന്‍തുക കൈപ്പറ്റിയെന്ന ആരോപണങ്ങളും കനത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഇ.ഡി നേരിട്ട് നല്‍കിയ ഈ കത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ വഴിത്തിരിവായി മാറും..