പിണറായിക്ക് ആശ്വാസം: വിജിലന്‍സ് അന്വേഷണത്തിന് ഒരാഴ്ചത്തേക്ക് സ്റ്റേ,പിണറായിക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി 
 

 
Pinarayi vijyan


 

 
ഡല്‍ഹി: മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രിംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പിണറായിക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. ഇഡി കേസില്‍ ഒന്നും പറയാനില്ലെന്നും കോടതി വ്യക്തമാക്കി.
മാസപ്പടിക്കേസിലും ഹവാലക്കേസിലും വിജിലന്‍സ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ട് എഫ്‌ഐആറുകളിലുമുള്ള അന്വേഷണമാണ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. ഒപ്പം വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു.

പ്രതിപട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞാണ് കോടതി വീണ്ടും ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കാനുള്ള അവസരം തുറന്നുനല്‍കിയിരിക്കുന്നത്. അതിനുവേണ്ടി ഏഴ് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റേത് ഉള്‍പ്പെടെയുള്ള എല്ലാ അന്വേഷണവും സ്റ്റേ ചെയ്തിരിക്കുകയാണ്.

അതേസമയം ഇഡി രണ്ടാമതൊരു ഇസിഐആര്‍ ഫയല്‍ ചെയ്തിരുന്നു. അതിനെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ആ വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നില്ല. അതിനാല്‍ അത് പ്രത്യേകം ചലഞ്ച് ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ സുപ്രിംകോടതി ഉത്തരവ് വന്നിരിക്കുന്നത് കേരള ഹൈക്കോടതിയുടെ വിധിക്കെതിരെയാണ്.


ഇഡി കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ത്. ഇതിനെതിരെ പിണറായി വിജയന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചപ്പോള്‍ സിംഗിള്‍ ബെഞ്ച് തീരുമാനം ശരിവെയ്ക്കുകയായിരുന്നു. ഈ വിധിക്കെതിരെ പിണറായി സുപ്രിംകോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോള്‍ പിണറായിക്ക് ആശ്വാസകരമായ ഉത്തരവുണ്ടായിരിക്കുന്നത്.

പിണറായി വിജനും ബാക്കിയുള്ളവര്‍ക്കും ഒരു അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അവകാശമില്ലേ എന്ന ചോദ്യം അംഗീകരിച്ചുകൊണ്ട് അവരുടെ വാദം കേള്‍ക്കാനുള്ള ഉത്തരവാണ് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അപ്പീല്‍ കേട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നതുവരെ അന്വേഷണം നിര്‍ത്തിവെയ്ക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദശം.


അതേസമയം പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കാതെയും വിശദീകരണത്തിന് അവസരം നല്‍കാതെയും ഹൈക്കോടതി നിര്‍ണായക തീരുമാനം എടുത്തതിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കാതെയുള്ള നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഇഡി നല്‍കുന്ന നോട്ടീസുകളുടെ അടിസ്ഥാനത്തിലും പ്രൈമറി ഏജന്‍സി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കാതെ എഫ്‌ഐആര്‍ ഇടാന്‍ ഉത്തരവിടുന്ന ഹൈക്കോടതി നടപടിയെ സുപ്രിംകോടതി വിമര്‍ശിച്ചു. 

കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകളുമായി ബന്ധപ്പെട്ട കേസുകളടക്കം മുന്‍പ് ഹൈക്കോടതി പുറപ്പെടുവിച്ച വിധികളിലെ നടപടിക്രമങ്ങളെ കോടതി ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള കേസുകളില്‍ എഫ്‌ഐആര്‍ നടപടികള്‍ക്ക് മുമ്പ് പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കണം എന്ന നിലപാടിലേക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചുകള്‍ എത്തേണ്ടതുണ്ടെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

Tags

Share this story

From Around the Web