ജനങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ് പിണറായി വിജയന്‍ പാര്‍ട്ടി നിലപാടുകളെ തള്ളിപ്പറയുന്നു; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

 
chennithala

കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ജനങ്ങളെയും സ്വന്തം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് പിണറായി വിജയന്‍ പാര്‍ട്ടിക്ക് അതീതനാകാന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. തോല്‍വിയുടെ പേരില്‍ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെയാണ് പിണറായി വിജയന്‍ കുറ്റപ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് പറയുന്നതിലൂടെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകളെയും അദ്ദേഹം തള്ളിപ്പറഞ്ഞിരിക്കുകയാണ്. പയ്യന്നൂര്‍, തളിപ്പറമ്പ് എം.എല്‍.എമാരെ പിണറായി വിജയനും കെ.കെ. രാഗേഷും ഭീഷണിപ്പെടുത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വന്ദേമാതരം മുഴുവന്‍ പാടുന്നത് അടിച്ചേല്‍പ്പിക്കുന്ന നിലപാടിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ പങ്കെടുക്കുന്ന ചടങ്ങുകളില്‍ വന്ദേമാതരം പാടുന്നത് പ്രോട്ടോകോളിന്റെ ഭാഗമാണ്. സ്ത്രീകള്‍ പൊതുരംഗത്ത് വരരുതെന്ന സമസ്തയുടെയോ കാന്തപുരത്തിന്റെയോ നിലപാടുകളോടും യോജിപ്പില്ലെന്നും അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കാസര്‍കോട് ചന്തേരയില്‍ 129 ഗ്രാം മയക്കുമരുന്ന് പിടികൂടിയ കേസില്‍ പ്രധാന കണ്ണികളായ രണ്ട് പേരെ കാസര്‍കോട് പോലീസ് പിടികൂടിയതായി ചെന്നിത്തല അറിയിച്ചു. മധ്യപ്രദേശ് സ്വദേശി റിയാ ഖാന്‍, ഘാന പൗരനായ വിക്ടര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ കാസര്‍കോട്ടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കേസില്‍ പിടിയിലായയാള്‍ മുന്‍പ് മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തപ്പോള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയും 'ഓപ്പറേഷന്‍ തൂഫാന്‍' അവസനിച്ചുവെന്ന് പരിഹസിക്കുകയും ചെയ്ത സി.പി.എം നിലപാടിനെയും ചെന്നിത്തല വിമര്‍ശിച്ചു. അധികാരത്തിലിരുന്നപ്പോള്‍ ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത പിണറായി വിജയനാണ് ഇപ്പോള്‍ തൂഫാനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നത് അതിശയകരമാണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags

Share this story

From Around the Web