തീര്‍ത്ഥാടനം നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു:ലിയോ പതിന്നാലാമന്‍

നമ്മുടെ വീടുകളിലും ദൈനംദിന പതിവു ചര്യകളിലും നിന്ന് നമ്മെ അകറ്റിനിറുത്തിക്കൊണ്ട് ദൈവവുമായി കൂടുതല്‍ ആഴമേറിയ തലത്തില്‍ കണ്ടുമുട്ടുമുന്നതിന് സമയവും ഇടവും നല്കുന്ന തീര്‍ത്ഥാടനം നമ്മുടെ വിശ്വാസ ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു പങ്കുവഹിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.
ഡെന്മാര്ക്ക്, അയര്‍ലണ്ട്, ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളില്‍ നിന്നെത്തിയ കത്തോലിക്കാ വിദ്യാലയങ്ങളിലെ അദ്ധ്യാപകരും കോപെന്‍ഹാഗെന്‍ രൂപതയില്‍ നിന്നുള്ള യുവജനങ്ങളും അടങ്ങിയ തീര്‍ത്ഥാടകരെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമന്‍ പാപ്പാ.
ദൈവിക പുണ്യമായ പ്രത്യാശയില്‍ കേന്ദ്രീകൃതമായ ജൂബിലി വത്സരത്തിലാണ് അവരുടെ ഈ തീര്‍ത്ഥാടനം എന്നത് പ്രത്യേകം അനുസ്മരിച്ച പാപ്പാ''നിത്യ നഗരം'' ആയ റോമിലേക്കുള്ള തീര്‍ത്ഥാടനം നൂറ്റാണ്ടുകളായി തുടരുകയാണെന്നും ആ അസംഖ്യം തീര്‍ത്ഥാടകരുടെ കാലടികള്‍ പിന്‍ചെന്നാണ് ഇവര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നും പറഞ്ഞു.
യേശുവിനോടുള്ള സ്നേഹത്തിന് അപ്പോസ്തലന്മാരായ പത്രോസും പൗലോസും അവരുടെ ജീവന് നല്കി സാക്ഷ്യമേകിയ ഇടമായ റോമാ നഗരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു ഭവനമാണെന്ന് പാപ്പാ പ്രസ്താവിച്ചു.
യുവജനത്തെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ ദൈവം അവരെ ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത് ഈ ജീവിതത്തില്‍ ഒരു ലക്ഷ്യവും ദൗത്യവും നല്കിക്കൊണ്ടാണെന്ന് ഓര്‍മ്മിപ്പിച്ചു. ആകയാല്‍ ദൈവസ്വരം ഹൃദയത്തില്‍ കൂടുതല്‍ ആഴത്തില്‍ ഉപരിവ്യക്തമായി ശ്രവിക്കുന്നതിന് ഈ തീര്ത്ഥാടനാവസരം ശ്രവണത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ഉപയോഗപ്പെടുത്താന്‍ പാപ്പാ യുവതയ്ക്ക് പ്രചോദനം പകര്‍ന്നു.
അദ്ധ്യപകരെ അഭിവാദ്യം ചെയ്ത പാപ്പാ യുവജനത്തോടു പറഞ്ഞത് അവരെ സംബന്ധിച്ചും പ്രസക്തമാണെന്ന് സൂചിപ്പിച്ചു. കുട്ടികളെ രൂപവത്ക്കരിക്കുകയെന്ന സുപ്രധാന ദൗത്യം നിക്ഷിപ്തമായിരിക്കുന്ന അദ്ധ്യാപകരില്‍ യുവജനം വിശ്വാസജീവിത മാതൃക തേടുന്നുവെന്ന് പാപ്പാ പറഞ്ഞു.
റോമില്‍ നിന്ന് സ്വഭവനങ്ങളില്‍ തിരിച്ചെത്തുന്നതോടെ ഈ തീര്‍ത്ഥാടനം അവസാനിക്കുന്നില്ലയെന്നും മറിച്ച്, അത്, ''ശിഷ്യത്വത്തിന്റെ അനുദിന തീര്‍ത്ഥാടനത്തിലേക്ക്'' ശ്രദ്ധ തിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.