പതിനായിരങ്ങള്‍ക്ക് ആഴമേറിയ ആത്മീയ നവീകരണം സമ്മാനിച്ച് അമേരിക്കയില്‍ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന് സമാപനം

 
news



ഫിലാഡല്‍ഫിയ: ആയിരകണക്കിന് മൈലുകള്‍ താണ്ടി വടക്കേ അമേരിക്കയില്‍ നടന്ന ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന് സമാപനം. കഴിഞ്ഞ മെയ് മാസത്തില്‍ ഫ്‌ലോറിഡയിലെ സെന്റ് അഗസ്റ്റിനില്‍ നിന്നു ആരംഭിച്ച് 18 രൂപതകളിലൂടെ കടന്നുപോയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സമാപനം കുറിച്ചത്. സുവിശേഷവല്‍ക്കരണം എന്ന ലക്ഷ്യത്തില്‍ ഊന്നിയായിരിന്നു ഇത്തവണത്തെ തീര്‍ത്ഥാടനം. ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഫിലാഡല്‍ഫിയയിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ബസിലിക്കയില്‍ രണ്ടായിരത്തിലധികം വിശ്വാസികളാണ് വിശുദ്ധ കുര്‍ബാനയ്ക്കായി ഒത്തുകൂടിയത്.


ഇക്കഴിഞ്ഞ മെയ് 24 പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ഫ്‌ലോറിഡയില്‍ നിന്നാണ് ദിവ്യകാരുണ്യ തീര്‍ത്ഥാടനം ആരംഭിച്ചത്. രാജ്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച്, നടത്തുന്ന ദിവ്യകാരുണ്യ പ്രയാണം എന്ന സവിശേഷത ഇത്തവണത്തെ തീര്‍ത്ഥാടനത്തിനുണ്ടായിരിന്നു. കിഴക്കന്‍ അമേരിക്കയിലുടനീളം 2,000 മൈലിലധികം ദൂരമാണ് ദിവ്യകാരുണ്യ പ്രയാണം നടത്തിയത്. വിവിധ നഗരങ്ങളിലും തെരുവ് വീഥികളിലും മൈലുകള്‍ താണ്ടിയുള്ള ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ അനേകം മെത്രാന്മാര്‍, വൈദികര്‍, വിവിധ സംഘടനകളിലെ അംഗങ്ങള്‍, അനേകം കുടുംബങ്ങള്‍, തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു.


ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി യുഎസ് കത്തോലിക്ക മെത്രാന്മാര്‍ ആരംഭിച്ച വിശാലമായ ദേശീയ ദിവ്യകാരുണ്യ പുനരുജ്ജീവന സംരംഭത്തിന്റെ ഭാഗമാണ് ഓരോ വര്‍ഷവും ദിവ്യകാരുണ്യ തീര്‍ത്ഥാടനം നടത്തുന്നത്. യാത്രയിലുടനീളം, കത്തോലിക്ക വിശ്വാസ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം, ദിവ്യകാരുണ്യ പ്രദിക്ഷണം, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ദിവ്യകാരുണ്യത്തെ കേന്ദ്രമാക്കിയുള്ള സന്ദേശങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിരിന്നു.

Tags

Share this story

From Around the Web