വാഴ്ത്തപ്പെട്ട കാര്‍ളോയുടെ വെങ്കല പ്രതിമയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 
carlo


അസീസ്സി: അടുത്ത മാസം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിനെ കേന്ദ്രമാക്കി നിര്‍മ്മിച്ച വെങ്കല പ്രതിമയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.


 കാര്‍ളോ അക്യൂട്ടിസിനെ അടക്കം ചെയ്തിരിക്കുന്ന സെന്റ് മേരി മേജര്‍ ദേവാലയത്തിനു പുറത്തു നിര്‍മ്മിച്ചിരിക്കുന്ന രൂപമാണ് ശ്രദ്ധ നേടുന്നത്. കുരിശിന്റെ ചുവടെ ക്രിസ്തുവിന്റെ പാദത്തോട് ചേര്‍ന്ന് കാര്‍ളോ ഇരിക്കുന്നതും കാര്‍ളോയുടെ ഒരു കൈയില്‍ ലാപ്‌ടോപ്പ് പിടിച്ചിരിക്കുന്നതുമാണ് കലാസൃഷ്ടിയില്‍ ഒരുക്കിയിരിക്കുന്നത്. 


ലാപ്‌ടോപ്പിലെ സ്‌ക്രീന്‍ ഭാഗത്തായി യേശുവിന്റെ ശരീര രക്തങ്ങളുടെ ഘടനയും ഉള്‍ചേര്‍ത്തിട്ടുണ്ട്. കാനഡയില്‍നിന്നുള്ള തിമോത്തി ഷ്മാല്‍സ് എന്ന പ്രമുഖ കലാകാരനാണ് ഇത് ഒരുക്കിയിരിക്കുന്നത്.

കാര്‍ളോയുടെ പിറകിലുള്ള ബാഗില്‍ കവണ കിടക്കുന്നതു രൂപത്തില്‍ ദൃശ്യമാണ്. ഇതിന് പിന്നില്‍ തനിക്ക് ലഭിച്ച ഉള്‍ക്കാഴ്ചയുണ്ടെന്ന് അദ്ദേഹം പറയുന്നു. 'ഞാന്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുക്കൊണ്ടിരിന്നപ്പോള്‍, ദാവീദിന്റേയും ഗോലിയാത്തിന്റെയും സംഭവം മനസില്‍ നിലന്നിരിന്നു. 

ക്രൈസ്തവ വിശ്വാസത്തെയും ആത്മീയതയെയും നിസ്സാരവല്‍ക്കരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ഈ 'ഗോലിയാത്തിനെ' നേരിടാന്‍ ആധുനിക കാലത്തെ കവണ - അതായത് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ചെറുപ്പക്കാരന്‍' എന്നു പറയുവാനാണ് ഇത് കൊണ്ട് ഉദ്ദേശിച്ചതെന്ന് തിമോത്തി പറഞ്ഞു.


അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിനോടുള്ള ആദരവിന്റെ അടിസ്ഥാനത്തിലാണ് അസീസ്സിയില്‍ തന്നെ അടക്കം ചെയ്തിട്ടുള്ള കാര്‍ളോയുടെ രൂപവും കുരിശിനോട് ചേര്‍ത്തു നിര്‍മ്മിച്ചതെന്നും വാഴ്ത്തപ്പെട്ട അക്യുട്ടിസ് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയെ വളരെയധികം സ്‌നേഹിച്ചിരുന്നുവെന്നും അതിനാലാണ് ശില്പത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കലാകാരന്‍ പറഞ്ഞു.


 ഓഗസ്റ്റ് 15നാണ് രൂപം അനാച്ഛാദനം ചെയ്തത്. കാര്‍ളോയുടെ ശവകുടീരം സന്ദര്‍ശിക്കുവാന്‍ എത്തുന്ന ആയിരങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ രൂപം. സെപ്റ്റംബര്‍ 7നാണ് കാര്‍ളോയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

Tags

Share this story

From Around the Web