അധ്യാപകരുടെയും വിദ്യാര്‍ത്ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പുനലൂര്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥി സസ്‌പെന്‍ഷനില്‍
കൊല്ലം: പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചതായി പരാതി. സംഭവത്തില്‍ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ അച്യുതിനെതിരെയാണ് കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
സഹപാഠികള്‍ നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചതായി പ്രിന്‍സിപ്പല്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ടെലഗ്രാം ഗ്രൂപ്പുകള്‍ മുഖേന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് കാണിച്ച് ഒരു വിദ്യാര്‍ത്ഥിനി പുനലൂര്‍ പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. കോളേജ് അധികൃതരുടെ പരാതിയും വിദ്യാര്‍ത്ഥിനിയുടെ പരാതിയും പരിഗണിച്ച് പുനലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളും ടെലഗ്രാം ഗ്രൂപ്പുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.