സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചു; പോളിടെക്‌നിക് വിദ്യാര്‍ത്ഥിയെ വീണ്ടും ചോദ്യം ചെയ്തു
പുനലൂര്‍: സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ പുനലൂര്‍ പോലീസ് തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്ത് വിട്ടയച്ചു. പുനലൂര്‍ ഗവ. പോളിടെക്‌നിക്കിലെ അഞ്ചാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും പുന്നല സ്വദേശിയുമായ എസ്. അച്യുതനെയാണ് (23) അന്വേഷണസംഘം ചോദ്യം ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്താന്‍ ആവശ്യമായ കൃത്യമായ തെളിവുകള്‍ നിലവില്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നതിനായി കോടതിയുടെ അനുമതി തേടും. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇരകളായ സഹപാഠികളുടെയും അധ്യാപികമാരുടെയും പരാതിയെത്തുടര്‍ന്നാണ് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച (ഒക്ടോബര്‍ 9) പുന്നലയിലെ കോണ്‍ഗ്രസ് നേതാവ് ഉല്ലാസ് കുമാറിനൊപ്പം സ്റ്റേഷനില്‍ ഹാജരായ വിദ്യാര്‍ത്ഥിയെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ശനിയാഴ്ച (ഒക്ടോബര്‍ 10) വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.
ശനിയാഴ്ച (ഒക്ടോബര്‍ 10) രാവിലെ സി.ഐ ഓഫീസില്‍ ഹാജരായ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കോളേജ് അധികൃതര്‍ പോലീസിന് കൈമാറിയ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ടെലഗ്രാം അക്കൗണ്ട് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചതായും, നിരവധി ചിത്രങ്ങള്‍ ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞതായി വെളിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
കോളേജിലെ എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ വിദ്യാര്‍ത്ഥിക്കെതിരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് (ഒക്ടോബര്‍ 6) പരാതി ഉയര്‍ന്നത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ബന്ധിത ടി.സി നല്‍കി പുറത്താക്കാനും കോളേജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.